ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണം

ന്യൂയോര്‍ക്ക്: വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉത്തരവ്. ആറ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. വിസാ വിലക്കുമായി ബന്ധപ്പെട്ട പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് സുപ്രീം കോടതി ഭാഗികമായി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാനദണ്ഡം പ്രഖ്യാപിച്ചത്.
ഇതോടെ സിറിയ, സുഡാന്‍, സൊമാലിയ, ഇറാന്‍, യെമന്‍, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ലഭ്യമാകണമെങ്കില്‍ പുതിയ കടമ്പകള്‍ കടക്കേണ്ടിവരും. അമേരിക്കയില്‍ അടുത്ത ബന്ധുക്കള്‍, അടുത്ത വ്യാപാര ബന്ധം എന്നിവ ഉള്ളവര്‍ക്ക് മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശം. സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശം ബുധനാഴ്ച എല്ലാ രാജ്യങ്ങളിലേയും യുഎസ് എംബസികളെ അറിയിച്ചിട്ടുണ്ട്.
രക്ഷിതാക്കള്‍, ഭാര്യ/ ഭര്‍ത്താവ്, മക്കള്‍, മരുമകള്‍, മരുമകന്‍, സഹോദരങ്ങള്‍ എന്നിവരില്‍ ആരെങ്കിലും അമേരിക്കയില്‍ ഉള്ളവര്‍ക്ക് മാത്രമേ വിസ അനുവദിക്കാവൂ എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മുത്തശ്ശന്‍, മുത്തശ്ശി, പേരമക്കള്‍, അമ്മായി, അമ്മാവന്‍, സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ് എന്നിവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. വിസ നിരോധനത്തിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത ഉത്തരവ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here