അഴിമതി, കൈക്കൂലി, കാലതാമസം, കെടുകാര്യസ്ഥത, മോശം പെരുമാറ്റം ഇവ സിവില്‍ സര്‍വ്വീസിനെ ഒറ്റപ്പെടുത്തും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രൊഫഷനലിസം വേണം; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനാ നേതാവിന്റെ നിരീക്ഷണങ്ങള്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തില്‍ അഭൂതപൂര്‍വമായ വികാസമാണ് സംസ്ഥാനത്തെ സിവില്‍ സര്‍വീസിനുണ്ടായത്. സദ്ഭരണം സാധ്യമാക്കുന്നതില്‍ സിവില്‍ സര്‍വീസിന് നിര്‍ണായക പങ്കുണ്ടെന്ന് വിശ്വസിക്കുന്ന സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നത് ജീവനക്കാര്‍ക്കും സംഘടനകള്‍ക്കും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. സര്‍ക്കാരും പൊതുസമൂഹവും ആഗ്രഹിക്കുന്ന രൂപത്തില്‍ ആക്ഷേപാര്‍ഹമായ ദുഷിപ്പുകളെല്ലാം കുടഞ്ഞെറിഞ്ഞ് സ്വയം നവീകരിക്കാന്‍ ഓരോ ജീവനക്കാരനും തയ്യാറാകേണ്ടതുണ്ട്.

അഴിമതിയും കൈക്കൂലിയും വലിയ സാമൂഹികവിപത്താണെന്ന ബോധം പൊതുവില്‍ ഉയരുന്നുണ്ട്. കാലതാമസം, കെടുകാര്യസ്ഥത, പൊതുജനങ്ങളോടുള്ള മോശം പെരുമാറ്റംപോലുള്ള പൊതു ആക്ഷേപങ്ങള്‍ എന്നിവ മാറിയ കാലത്ത് ഇനിയും ഉയരുന്നത് സിവില്‍ സര്‍വീസിനെ ഒറ്റപ്പെടുത്തും. സമീപകാലത്തെ ചില ദൌര്‍ഭാഗ്യസംഭവങ്ങള്‍ ഈ ധാരണയെ ബലപ്പെടുത്തുന്നു. മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥയാണ് ജീവനക്കാര്‍ക്കുള്ളത്. എന്നാല്‍,അതിനനുസരിച്ചുള്ള പ്രൊഫഷണലിസം സര്‍വീസ് ഡെലിവറിയില്‍ പ്രകടമാകുന്നില്ലെന്നത് വാസ്തവമാണ്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മെച്ചപ്പെട്ടതും ആകര്‍ഷകവുമായ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും മതിയാകാത്ത മനോഭാവം ജീവനക്കാര്‍ക്കുണ്ടാകുന്നത് മാപ്പര്‍ഹിക്കാത്ത പാതകമാണെന്ന ചിന്ത പ്രബലമാകുന്നുണ്ട്.

സിവില്‍ സര്‍വീസിലെ ദുര്‍മേദസ്സുകളെ സംബന്ധിച്ച് തുടര്‍ചര്‍ച്ചയ്ക്ക് കേരള സെക്രട്ടറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന് തുറന്നമനസ്സാണെങ്കിലും കേരളം ആര്‍ജിച്ച സാമൂഹികപുരോഗതിക്ക് ഈ മേഖല നല്‍കിയ സംഭാവന വിസ്മരിച്ചുകൊണ്ടാകരുത് സംവാദമെന്ന അഭിപ്രായമുണ്ട്. സിവില്‍ സര്‍വീസിലെ പുഴുക്കുത്തുകളെ കണ്ടെത്തി കാലോചിതമായി നവീകരിച്ച് ജനസൌഹൃദമാക്കാനുള്ള സര്‍ക്കാര്‍ശ്രമം മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഊര്‍ജിതമാണ്്. സെക്രട്ടറിയറ്റ് സര്‍വീസും ഇതിനനുസരിച്ചുള്ള മാറ്റത്തിന്റെ പാതയിലാണ്. പൊതുജനം നിത്യേന ആശ്രയിക്കുന്ന വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്‍പോലുള്ള സംവിധാനമല്ല സെക്രട്ടറിയറ്റെങ്കിലും സമീപിക്കുന്ന പൊതുജനത്തിന് ആയാസകരമായ കടമ്പകള്‍ ഏറെയുണ്ടെന്ന ആക്ഷേപം ശക്തമാണ്. ചട്ടങ്ങളും നിബന്ധനകളും പാലിച്ചുമാത്രം ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥസംവിധാനത്തിനുള്ള പരിമിതി ഒരു യാഥാര്‍ഥ്യമാണെങ്കിലും മാറിയ കാലത്തും ഇത്തരം ദുഷ്പ്രവണത നിലനില്‍ക്കുന്നത് ആശാസ്യമല്ലെന്ന് തിരിച്ചറിയുന്ന സംഘടനയാണ് കേരള സെക്രട്ടറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍.

നവകേരളം കെട്ടിപ്പടുക്കാനായുള്ള വ്യക്തമായ കര്‍മപരിപാടിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ചാലകശക്തിയായി വര്‍ത്തിക്കാനുള്ള നിയോഗം സെക്രട്ടറിയറ്റ് ജീവനക്കാര്‍ ഏറ്റെടുക്കുകയാണ്. പരിസ്ഥിതിസംരക്ഷണം, സാമൂഹികവീക്ഷണത്തോടുകൂടിയുള്ള ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി. സാമൂഹികപ്രതിബദ്ധത കൈമുതലായ ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് കൂടുതല്‍ ജീവകാരുണ്യ, സാമൂഹ്യസേവന തുറകളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപരിപ്പിക്കാനുള്ള ശ്രമത്തിലുമാണ് സംഘടന. തീരുമാനം എടുക്കുന്നതിലെ കാലതാമസം, ഫയലുകളുടെ വച്ചുതാമസിപ്പിക്കല്‍പോലുള്ള ആക്ഷേപം പഴങ്കഥയാകുന്ന രൂപത്തിലേക്ക് സംവിധാനം പരിവര്‍ത്തനം ചെയ്യപ്പെടുന്നതോടെ സെക്രട്ടറിയറ്റ് സര്‍വീസ് കൂടുതല്‍ സുതാര്യമാകുമെന്നതില്‍ സംശയമില്ല.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണം സംബന്ധിച്ച് അസോസിയേഷന്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിശോധിക്കുകയും ഉന്നതമായ ജനാധിപത്യമാതൃകയില്‍ അതിനെ സമീപിക്കുകയും ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നതും പൊതുസമൂഹം കക്ഷിരാഷ്ട്രീയത്തിനതീതമായി ആഗ്രഹിക്കുന്നതുമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, സെക്രട്ടറിയറ്റ് ജീവനക്കാരെയടക്കം വിശ്വാസത്തിലെടുത്ത് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മിഡില്‍ ലെവല്‍ മാനേജ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തി സിവില്‍ സര്‍വീസിനെ നവീകരിച്ച് സദ്ഭരണം ഉറപ്പാക്കാനുള്ള വാഗ്ദാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സെക്രട്ടറിയറ്റ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സെക്രട്ടറിയറ്റ് ജീവനക്കാരെ കൂടുതല്‍ വിശ്വാസത്തിലെടുത്തുള്ള നടപടിയുണ്ടാകുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവിടെയാണ് സെക്രട്ടറിയറ്റ് ജീവനക്കാരുടെ ഉത്തരവാദിത്തം വര്‍ധിക്കുന്നത്. നിലവില്‍ ഒറ്റദിവസംകൊണ്ട് നല്‍കുന്ന അറ്റസ്റ്റേഷന്‍, പ്രത്യേകാനുമതി, ചട്ടങ്ങളിലുള്ള ഇളവ് നല്‍കല്‍പോലുള്ള സര്‍ക്കാര്‍ അനുമതി എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കിയും കാലതാമസം വരുത്തുന്ന നയപരമായ തീരുമാനങ്ങളില്‍ പ്രായോഗികസമീപനം സ്വീകരിക്കുകയും ചെയ്ത് സെക്രട്ടറിയറ്റ് സര്‍വീസ് പരാതിരഹിതമാക്കാന്‍ ജീവനക്കാര്‍ ശ്രമിക്കണം.

നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഭരണനിര്‍വഹണം നടത്തുമ്പോഴാണ് നിയമലംഘനം തടയാനും സര്‍ക്കാര്‍തലത്തിലെ കര്‍ശന നിരീക്ഷണം ഉറപ്പുവരുത്താനും ജീവനക്കാര്‍ നിര്‍ബന്ധിതരാകുന്നത്. എന്നാല്‍, അതിന്റെ പേരില്‍ കാലഹരണപ്പെട്ട വാദമുയര്‍ത്തി ഫയലുകളിലെ തീരുമാനം നീട്ടുന്നതും ജനങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാത്തതുമാണ് ആക്ഷേപങ്ങള്‍ക്കിടയാക്കുന്നത്. വരേണ്യ ഉദ്യോഗസ്ഥവൃന്ദത്തിന്റെ നിക്ഷിപ്തതാല്‍പ്പര്യങ്ങളെ മറികടന്ന് സെക്രട്ടറിയറ്റ് സര്‍വീസ് ഇന്നത്തെ നിലയില്‍ എത്തിച്ചതിന് നിര്‍ണായക സ്വാധീനം ചെലുത്തിയ സംഘടനയാണ് കേരള സെക്രട്ടറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍. കേരളത്തിന്റെ സിവില്‍ സര്‍വീസ് അടിമുടി ശുദ്ധീകരിച്ച് നവകേരളം കെട്ടിപ്പടുക്കാനായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറച്ച നടപടികളോടൊപ്പം സെക്രട്ടറിയറ്റ് ജീവനക്കാരും ചരിത്രദൌത്യം നിര്‍വഹിക്കാന്‍ ഒരുങ്ങുകയാണ്

(കേരള സെക്രട്ടറിയറ്റ് എംപ്‌ളോയീസ് അസോ. ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News