ചരക്കു സേവന നികുതി വന്നപ്പോള്‍ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ കേരളം എന്തു ചെയ്തു? ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വിശദമാക്കുന്നു

ഇനിമേല്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നികുതിയില്‍ എന്തുമാറ്റം വരുത്തണമെന്ന് ധനമന്ത്രിമാര്‍ ആലോചിച്ച് വിഷമിക്കേണ്ടതില്ല. അതിനുള്ള അധികാരം ജിഎസ്ടി കൗണ്‍സിലിനാണ്്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഏതാണ്ട് എല്ലാ പരോക്ഷനികുതികളും കൂട്ടിച്ചേര്‍ത്ത് ജിഎസ്ടി എന്ന ഒരൊറ്റ നികുതിയാക്കി. നികുതിനിരക്കുകള്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിക്കും.

നികുതിനിരക്കുകള്‍ നിര്‍ണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതിനെതിരെ സിപിഐ എമ്മും ഡോ. അശോക് മിത്ര, ഡോ. പ്രഭാത് പട്‌നായിക് തുടങ്ങിയ സാമ്പത്തികവിദഗ്ധരും നിശിതവിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. പുതിയ നികുതിഘടന വരുമ്പോള്‍ കേന്ദ്ര- സംസ്ഥാന ഫെഡറല്‍ ബന്ധങ്ങളില്‍ വലിയ അസന്തുലിതാവസ്ഥയുണ്ടാകും.

കേന്ദ്ര സര്‍ക്കാരും എക്‌സൈസ്, സര്‍വീസ് ടാക്‌സുകള്‍ നിര്‍ണയിക്കാനുള്ള അധികാരം ജിഎസ്ടിയില്‍ ലയിപ്പിച്ചുവെങ്കിലും അവര്‍ക്ക് കസ്റ്റംസ് ഡ്യൂട്ടിപോലുള്ള പരോക്ഷനികുതികളും ഒട്ടേറെ പ്രത്യക്ഷനികുതികളും ഇനിയുണ്ട്. അതേസമയം, സംസ്ഥാനങ്ങളുടെ കൈവശമുള്ള നികുതി അധികാരം തുലോം തുച്ഛമാണ്.

അതുകൊണ്ട് ജിഎസ്ടി സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്ത കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ 2009 മുതല്‍ സംസ്ഥാനങ്ങളുടെ അധികാരം ഉറപ്പുവരുത്തുന്നതിനുള്ള അനുയോജ്യ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഒരു ഏകീകൃത ഒറ്റനിരക്കായി നികുതി തീരുമാനിക്കുന്നതിനുപകരം സംസ്ഥാനങ്ങള്‍ക്ക് നിരക്കില്‍ ഒരു ചെറിയ മാറ്റം വരുത്താനുള്ള അനുവാദം നല്‍കണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന വാദം. ഉദാഹരണത്തിന്, 12 ശതമാനം നികുതിയെന്നത് 10നും 14നും ഇടയ്ക്ക് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദം നല്‍കണം.

അതുപോലെ മറ്റു നിരക്കുകളും. ഇങ്ങനെ ചെയ്താല്‍ സംസ്ഥാനങ്ങളുടെ നികുതി അവകാശം ഒരുപരിധിവരെ സംരക്ഷിക്കപ്പെടും. ഇതുകൊണ്ട് അഖിലേന്ത്യാടിസ്ഥാനത്തില്‍ ജിഎസ്ടി നടപ്പാക്കുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല. കാരണം സംസ്ഥാന ജിഎസ്ടി നിരക്ക് സംസ്ഥാനങ്ങള്‍ക്കുള്ളിലെ ക്രയവിക്രയങ്ങള്‍ക്കാണല്ലോ ബാധകം. ജിഎസ്ടി കൌണ്‍സിലിന് മുന്നേ നിലനിന്നിരുന്ന എംപവേഡ് കമ്മിറ്റിയില്‍ ഇത്തരമൊരു സമീപനത്തിന് അംഗീകാരം നല്‍കിയിരുന്നു. പക്ഷേ, ഈ നിര്‍ദേശം ജിഎസ്ടി കൌണ്‍സില്‍ തള്ളി.

എന്നാല്‍, കേന്ദ്രത്തിനും മഹാഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും ഇതില്‍ താല്‍പ്പര്യമില്ലായിരുന്നു. ഇത് കണക്കുകൂട്ടുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഭയം. സത്യം പറയട്ടെ, ഭൂരിപക്ഷം സംസ്ഥാനങ്ങളും നികുതി അവകാശം നിലനിര്‍ത്തണമെന്നതില്‍ നിലപാടെടുക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് രാഷ്ട്രീയമായി ശക്തമായ വിമര്‍ശം ഉന്നയിച്ചപ്പോള്‍ത്തന്നെ ജിഎസ്ടി പ്രായോഗികമായി കൂടുതല്‍ ഗുണകരമായ രീതിയില്‍ നടപ്പാക്കുന്നതിനുവേണ്ടി ശക്തമായി ഇടപെടുകയാണ് ഉണ്ടായത്.

ഇതിന്റെ ഫലമായി നമുക്ക് ചില നേട്ടങ്ങളുണ്ടായിട്ടുണ്ട്. നികുതിഭരണത്തില്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഒരുപരിധിവരെ സംരക്ഷിക്കാന്‍ കഴിഞ്ഞതാണ് പ്രധാന നേട്ടം. ഒന്നരക്കോടിയില്‍ താഴെ വിറ്റുവരുമാനമുള്ള നികുതിദായകര്‍ പൂര്‍ണമായും സംസ്ഥാന നിയന്ത്രണത്തിലായിരിക്കണമെന്നും ബാക്കിയുള്ളവരെ പകുതിവീതം വീതിക്കണമെന്നുമുള്ള ആവശ്യത്തിന് കേരളവും ബംഗാളുമാണ് മുന്‍കൈയെടുത്തത്. കേന്ദ്രമാകട്ടെ, സേവനദാതാക്കളെ മുഴുവന്‍ തങ്ങള്‍ക്ക് വേണമെന്നും ബാക്കിയുള്ളവരെ പകുതിവീതമാക്കാമെന്നും നിലപാടെടുത്തു. അവസാനം ഒന്നരക്കോടിയില്‍ താഴെ വിറ്റുവരുമാനമുള്ളവരുടെ പത്തുശതമാനം കേന്ദ്രത്തിന് വിട്ടുകൊടുത്തു.

ഒന്നരക്കോടിക്കുമുകളില്‍ വിറ്റുവരുമാനമുള്ളവരെയും സേവനദാതാക്കളെയും പകുതിവീതം പങ്കിടാനും തീരുമാനിച്ചു. തീരദേശത്തെ വ്യാപാരത്തിലുള്ളവരുടെ നികുതി സംസ്ഥാന നിയന്ത്രണത്തിലായി. സ്റ്റാമ്പ് ഡ്യൂട്ടിയെയും പെട്രോളിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്തുതോല്‍പ്പിക്കാനും കഴിഞ്ഞു.

ആഡംബര കാറിനും അരിപ്പൊടിക്കും ഒരേനികുതിയെന്നത് കടുത്ത അനീതിയായിരിക്കുമെന്ന നിലപാട് കേരളം മുറുകെപ്പിടിച്ചു. ജിഎസ്ടിക്ക് ഒറ്റ നികുതിനിരക്ക് മതി എന്ന വാദക്കാരുണ്ടായിരുന്നു. ഏറിയാല്‍ രണ്ടോ മൂന്നോ നിരക്ക് എന്ന നിലപാടുകാരായിരുന്നു മറ്റുള്ളവരില്‍ ഭൂരിപക്ഷം. കേരളമാണ് ഇതിനെ നഖശിഖാന്തം എതിര്‍ത്തത്. കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവിന്റെ റിപ്പോര്‍ട്ടുപ്രകാരം 6,12, 24 എന്നിങ്ങനെ മൂന്നു ജിഎസ്ടി നിരക്കുകളാണ് നിര്‍ദേശിച്ചത്. ഇന്ന് 30-40 ശതമാനം നികുതി വരുന്ന ആഡംബരവസ്തുക്കളുടെയെല്ലാം നികുതിനിരക്ക് 24 ശതമാനമായി കുറയും.

അതേസമയം, നികുതിയില്ലാത്തതും അഞ്ചോ അതില്‍താഴെയോ നികുതി ഉള്ളതുമായ അവശ്യവസ്തുക്കളുടെയെല്ലാം നികുതിനിരക്ക് ആറുശതമാനമായി ഉയരും. ഇത് അനീതിയായിരിക്കും, അസമത്വം വര്‍ധിപ്പിക്കുമെന്ന നമ്മുടെ വാദം ക്രമേണ അംഗീകാരം നേടി. അങ്ങനെയാണ് നികുതിയില്ലാത്ത നൂറ്റമ്പതോളം ചരക്കുകളെ നികുതിയില്‍നിന്ന് ഒഴിവാക്കാന്‍ ആറുശതമാനമെന്ന താഴ്ന്ന നികുതി അഞ്ചാക്കി കുറയ്ക്കുന്നതിനും 24 ശതമാനം നികുതി 28 ആക്കി ഉയര്‍ത്തുന്നതിനും 12നുമുകളിലായി ഒരു 18 ശതമാനനിരക്ക് സൃഷ്ടിക്കുന്നതിനും തീരുമാനിച്ചത്.

പൊതുവെ പറഞ്ഞാല്‍ ജിഎസ്ടി നിരക്കുകള്‍ നികുതിഭാരം കുറച്ചുവെന്ന് സമ്മതിക്കണം. ഉദാഹരണത്തിന്, ആയിരത്തി ഇരുനൂറോളം ചരക്കുവിഭാഗങ്ങളെടുത്താല്‍ കേരളത്തില്‍ ഏതാണ്ട് ആയിരം ചരക്കുകളും 14.5 ശതമാനം വാറ്റ് നികുതി ഒടുക്കേണ്ടവയായിരുന്നു. ഇപ്പോഴത്തെ 28 ശതമാനം ജിഎസ്ടിയാണ് ഇതിനോട് താരതമ്യപ്പെടുത്താവുന്നത്. 28 ശതമാനം നികുതിയില്‍ കേന്ദ്രത്തിന് 14 ശതമാനവും സംസ്ഥാനത്തിന് 14 ശതമാനവും ലഭിക്കും. അങ്ങനെ ഇന്ന് 14 ശതമാനം ലഭിക്കുന്ന ചരക്കുവിഭാഗങ്ങള്‍ ഏതാണ്ട് ഇരുനൂറ്റി അറുപതേ വരൂ. ബാക്കിയെല്ലാം താഴ്ന്നനിരക്കുകളിലേക്ക് മാറി.

സത്യം പറഞ്ഞാല്‍ സംസ്ഥാന ധനമന്ത്രിമാര്‍ ഓരോരുത്തരും അവരവരുടെ സംസ്ഥാനതാല്‍പ്പര്യം പരിഗണിച്ച്് നികുതിനിരക്ക് കുറയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. എന്റെയൊരു കണക്കുകൂട്ടല്‍പ്രകാരം ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന മൊത്തം നികുതിവരുമാനത്തില്‍ ഒരുലക്ഷം കോടി രൂപയെങ്കിലും കുറവായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ഭാവിയില്‍ നികുതിപിരിവിന്റെ കാര്യക്ഷമത ഉയരുമെന്നും വാറ്റ് നികുതി സമ്പ്രദായത്തിനെന്നപോലെ ജിഎസ്ടിയും സംസ്ഥാനവരുമാനത്തില്‍ കുതിപ്പ് സൃഷ്ടിക്കുമെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ഇത് വളരെ പ്രസക്തമായ ഒരു ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഒരുലക്ഷം കോടി വരുന്ന നികുതിയിളവ് ആരുടെ പോക്കറ്റില്‍ പോകും? ഉപഭോക്താവിന്റെയോ കുത്തകകളുടെയോ?

ജിഎസ്ടി സൃഷ്ടിക്കുന്ന നികുതിയിളവ് സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കണമെന്ന് തുടക്കംമുതല്‍ വാശിയോടെ കേരളം വാദിച്ചു. ജിഎസ്ടി കൌണ്‍സിലിന് തെളിവ് നല്‍കാനെത്തിയ ഫിക്കിയുടെ ഉന്നതതലസംഘവുമായി ഇക്കാര്യത്തില്‍ ഒരു വാദപ്രതിവാദം നടത്തി. താഴ്ന്ന നികുതിനിരക്കിനുവേണ്ടിയായിരുന്നു അവരെത്തിയത്. നികുതിനിരക്ക് താഴ്ത്തിയാല്‍ വില കുറച്ചുകൊണ്ട് ഉപഭോക്താവിന് കൈമാറുമെന്നതിന് എന്തുറപ്പാണ് ഉള്ളതെന്ന് ഞാനവരോട് ആരാഞ്ഞു. പ്രത്യേകിച്ച് ഉറപ്പ് ആവശ്യമില്ല, കമ്പോളം അതുറപ്പാക്കിക്കൊള്ളും എന്നായിരുന്നു മറുപടി.

ഈ ഉത്തരം സ്വീകാര്യമായിരുന്നില്ല. സ്വതന്ത്ര മത്സരക്കമ്പോളമാണെങ്കില്‍ ഫിക്കിയുടെ വാദം സാധുവാകും. പക്ഷേ, ഇന്നു കമ്പോളം കുത്തകകളുടെ പിടിയിലാണ്. കുത്തകവല്‍ക്കരണമാണ് കമ്പോളത്തിന്റെ സ്വഭാവം. വില നിശ്ചയിക്കുന്നത് കമ്പോളമത്സരത്തിന്റെ ഭാഗമായല്ല. നിശ്ചിതലാഭം ചേര്‍ത്ത് കുത്തകകള്‍ വില സ്വയം നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഇത്രയും ചൂണ്ടിക്കാട്ടിയശേഷം, നിങ്ങളുടെ ബ്രാന്‍ഡ് വാങ്ങുന്ന ആള്‍ നിങ്ങള്‍ പറയുന്ന വില നല്‍കാന്‍ നിര്‍ബന്ധിതനാവുകയല്ലേ”എന്ന എന്റെ ചോദ്യത്തിന് ഫിക്കി സംഘത്തിന് മറുപടിയുണ്ടായിരുന്നില്ല.

ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഭാഗമായാണ് കേന്ദ്ര നികുതിനിയമത്തില്‍ ആന്റി പ്രോഫീറ്റീറിങ് വകുപ്പ് ഉള്‍പ്പെടുത്തിയത്. നികുതിയിളവുണ്ടായിട്ടും വില കുറയ്ക്കാതെയോ വില വര്‍ധിപ്പിച്ചോ ഉപഭോക്താവിനെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ ഒരു അതോറിറ്റി നിലവിലുണ്ട്. ഈ അതോറിറ്റിക്ക് രജിസ്‌ട്രേഷന്‍വരെ ക്യാന്‍സല്‍ ചെയ്യാനുള്ള അധികാരമുണ്ട്. നടക്കുമോ ഇല്ലയോ എന്നത് ഇനി ഈ വകുപ്പ് ഉപയോഗപ്പെടുത്താന്‍ എത്രകണ്ട് തയ്യാറുണ്ട് എന്നതിനെ ആശ്രയിച്ചാകും.

അവസാനമായി കേരളത്തെ സംബന്ധിച്ച് പ്രധാനമായ കശുവണ്ടി, കയര്‍ തുടങ്ങിയ ചരക്കുകളുടെ നികുതി താഴ്ത്തി നിശ്ചയിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍, പ്‌ളൈവുഡിന് കഴിഞ്ഞില്ല. ആയുര്‍വേദമരുന്നുകള്‍ക്കും താരതമ്യേന ഉയര്‍ന്ന നികുതിയുണ്ട്. ബീഡിയുടെ നികുതിയിന്മേലുള്ള 200 ശതമാനത്തോളം സെസ് ഒഴിവാക്കുന്നതിന് കഴിഞ്ഞു.

സിഗററ്റിനുമേല്‍ ഈ ഉയര്‍ന്ന സെസുണ്ട്. ഹൌസ്‌ബോട്ടുകളുടെ നികുതിയും ഇനിയും കുറയ്‌ക്കേണ്ടതുണ്ട്. 20 ലക്ഷം രൂപയ്ക്കുമേല്‍ വിറ്റുവരവുള്ള ഹോട്ടലുകളിലെ ഭക്ഷണത്തിന് പുതുക്കിയ നിരക്കില്‍ നികുതി കൊടുക്കേണ്ടിവരുമെന്നാണ് മറ്റൊരു ആശങ്ക. ഇവയൊക്കെ തിരുത്തുന്നതിനുവേണ്ടിയുള്ള ഇടപെടലുകള്‍ കേരളം തുടരും.

ലോട്ടറിയുടെ കാര്യത്തിലാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഇടപെടല്‍ നാം നടത്തിയത്. അഞ്ചുശതമാനം നികുതിയാണ് ലോട്ടറിക്ക് ജിഎസ്ടി കൌണ്‍സില്‍ ശുപാര്‍ശ ചെയ്തത്. സകല ചൂതാട്ടത്തിനും 28 ശതമാനം നികുതി ചുമത്തുമ്പോള്‍ ലോട്ടറിയെമാത്രം ഒഴിവാക്കുന്നതിനെതിരെ വ്യക്തമായ ഗൃഹപാഠത്തോടെ കേരളം ഉറച്ചുനിന്നുപോരാടി. എല്ലാ ലോട്ടറിക്കും 28 ശതമാനം നികുതി എന്നതായിരുന്നു വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ഓരോ കൌണ്‍സില്‍ യോഗത്തിലും ലോട്ടറിയെ സൌകര്യപൂര്‍വം മാറ്റിവച്ച് അവസാനയോഗത്തില്‍ ഝടുതിയില്‍ പാസാക്കാനായിരുന്നു ശ്രമം.

അങ്ങനെ തീരുമാനിച്ചാല്‍ യോഗം ബഹിഷ്‌കരിച്ച് ജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയുമെന്ന് ശഠിക്കേണ്ടിവന്നു. അപ്പോഴാണ് സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവുമെന്ന ഒത്തുതീര്‍പ്പുഫോര്‍മുല മുന്നോട്ടുവച്ചത്. ആ തീരുമാനം കൌണ്‍സില്‍ അംഗീകരിച്ചു. അഞ്ചുശതമാനം നികുതി നിശ്ചയിച്ച് ലോട്ടറിമാഫിയയെ സഹായിക്കാനുള്ള ശ്രമത്തെ ഏതാണ്ട് ഒറ്റയ്ക്കാണ് കേരളം ചെറുത്തുതോല്‍പ്പിച്ചത്.

മൊത്തത്തിലെടുത്താല്‍ കേരളത്തിന് വളരെ ഗുണകരമായിരിക്കും ജിഎസ്ടി. കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളത്തിന്റെ നികുതിവരുമാന വളര്‍ച്ച പത്തുശതമാനമാണ്. ഇത് 20 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ആദ്യം മൂന്നുമാസം നഷ്ടപ്പെട്ടുകഴിഞ്ഞു. അടുത്ത മൂന്നുമാസം പുതിയ നികുതി നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന ആശയക്കുഴപ്പം ഉണ്ടാകും. അതുകൊണ്ട് നടപ്പുവര്‍ഷത്തില്‍ 15 ശതമാനത്തിനപ്പുറം പ്രതീക്ഷ വേണ്ട. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നികുതിവരുമാനം ഗണ്യമായി ഉയരുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനം ധന ആസൂത്രണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News