രജനീകാന്ത് ചികിത്സക്കായി അമേരിക്കയില്‍; കാലകരികാല ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു; ആശങ്കിയല്‍ തമിഴകം

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തമിഴ്‌നാട്ടിലെ സിനിമാ, രാഷ് ട്രീയ മേഖലകളില്‍ ആശങ്ക. തുടര്‍ പരിശോധനകള്‍ക്കായാണ് രജനി അമേരിക്കയിലേക്ക് എത്തിയതെന്നും ആരാധകര്‍ പരിഭ്രമിക്കേണ്ടിതില്ലെന്നും രജനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മകള്‍ ഐശ്വര്യയും രജനിയോടൊപ്പം അമേരിക്കയിലെത്തിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും 67 വയസുള്ള തലൈവ ചികിത്സക്കായി വീണ്ടും വിമാനം കയറിയതോടെ ആരാധകര്‍ നിരാശയിലാണ്.

ബ്രഹ്മാണ്ഡ ചിത്രം കാല കരികാലയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചാണ് രജനീകാന്ത് ഇന്നലെ പുലര്‍ച്ചെ അമേരിക്കയിലേക്ക് വിമാനം കയറിയത്. കബാലിയുടെ റിലീസ് സമയത്തും രജനി ചികിത്സക്കായി അമേരിക്കയിലായിരുന്നു. അന്ന് രജനിയുടെ ആരോഗ്യത്തിനായി ആരാധകര്‍ ദിവസങ്ങള്‍ നീണ്ട പൂജകളും പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. അതേ ആശങ്കയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രജനിയുടെ ആരോഗ്യനില തമിഴ് രാഷ്ട്രീയ രംഗത്തും ചലനങ്ങളുണ്ടാക്കുന്നുണ്ട്. താമസിയാതെ തന്നെ സ്വന്തം പാര്‍ട്ടിയുമായി സൂപ്പര്‍ താരം സജീവ രാഷ്ട്രീയ പ്രവേശനം നടത്താനുള്ള സാധ്യതയെ ഭീതിയോടെയാണ് ദ്രാവിഡ പാര്‍ട്ടികള്‍ കണ്ടിരുന്നത്. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി ആരാധകരുമായി രജനി കൂടിക്കാഴ്ചകളും ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു.

ജൂലൈ മൂന്നാം വാരത്തോടെ ഇന്ത്യയില്‍ തിരിച്ചെത്തി കാലായുടെ തുടര്‍ന്നുളള ഷൂട്ടില്‍ പങ്കെടുക്കുമെന്ന് രജനിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. മരുമകന്‍ ധനുഷാണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ്. ധാരാവിയുടെ പശ്ചാത്തലത്തില്‍ മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം രജനിക്കുവേണ്ടി കബാലി ഒരുക്കിയ പാ രഞ്ജിത്താണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here