കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ അമ്മയില്‍ ചര്‍ച്ചയാകാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല. താരസംഘടന അമ്മയ്‌ക്കെതിരെ ഒളിയമ്പും വിമര്‍ശനവുമായി സിനിമയിലെ വനിതാ കൂട്ടായ്മ രംഗത്തെത്തി. അമ്മയിലെ ആണധികാരങ്ങള്‍ക്കെതിരെ ചോദ്യമുയര്‍ത്തിയ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അമ്മയുടെ നിലപാടുകളെയും വിമര്‍ശിച്ചു.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വനിതാ സംഘടനയുടെ പ്രതികരണം. വാര്‍ഷിക സമ്മേളനത്തിനു ശേഷം അമ്മ ഭാരവാഹികള്‍ നടത്തിയ വാര്‍ത്തസമ്മേളനത്തെക്കുറിച്ച് ഞങ്ങള്‍ വേവലാതിപ്പെടുന്നില്ലെന്നും വുമണ്‍ കളക്ടീവ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. ഇരയെ വീണ്ടും ഇരയാക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അമ്മയടക്കമുള്ള താരസംഘടനകള്‍ക്കിടയില്‍ തിരുത്തല്‍ ശക്തിയായി ഞങ്ങള്‍ നിലകൊള്ളുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. നൂറ്റാണ്ടുകളായി രൂപപ്പെട്ട ആണധികാരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടനകളെ പൊളിച്ചുമാറ്റി പുതിയ ഭാവുകത്വത്തിലേക്ക് അവയെ നടത്തിക്കാന്‍ അടുത്ത 100 വര്‍ഷം മതിയാകമോ എന്ന് ഞങ്ങള്‍ക്കറിയില്ലെന്നും അലര്‍ച്ചകളും ആര്‍പ്പുവിളികളുമില്ലാതെ നിശ്ശബ്ദമായി പണിയെടുത്തും ചിലപ്പോള്‍ മനപൂര്‍വ്വം ഒഴിഞ്ഞു മാറി നിന്നും ചില ഘട്ടങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ മാറ്റത്തിന് സിനിമയെ എങ്ങനെ ചാലകശക്തിയാക്കാമെന്ന ചിന്തയാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ആമയും മുയലും തമ്മില്‍ നടത്തിയ മത്സരത്തില്‍ ഞങ്ങള്‍ ആമയോടപ്പമാണെന്നും കലയും രാഷ്ട്രീയവും രണ്ടല്ല എന്നു വിശ്വസിക്കുന്ന സുമനസ്സുകള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് എന്ന വിശ്വാസത്തിലാണെന്നും വിമെന്‍ ഇന്‍ സിനിമ കളക്ടീവ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here