മുഹമ്മദ് ബിന്‍ നായിഫ് വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത നിഷേധിച്ച് സൗദി; നായിഫ് കൊട്ടാരത്തില്‍ തന്നെയുണ്ടെന്ന് രാജകുടുംബ വക്താവ്

റിയാദ്: സൗദി കിരീടാവകാശി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട മുഹമ്മദ് ബിന്‍ നായിഫ് വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത നിഷേധിച്ച് സൗദി രാജകുടുംബം. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മുഹമ്മദ് ബിന്‍ നായിഫ് കൊട്ടാരത്തില്‍ തന്നെയുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മുഹമ്മദ് ബിന്‍ നായിഫ് വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, മറ്റു അന്തര്‍ദേശീയമാധ്യമങ്ങളും ദേശീയമാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

സൗദി വിട്ടുപോകുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടെന്നും ജിദ്ദയിലെ കൊട്ടാരത്തില്‍ അദ്ദേഹം തടങ്കലിലാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. നായിഫിന്റെ പെണ്‍മക്കള്‍ക്കെതിരെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നത് ഇല്ലാതാക്കാനാണ് നായിഫിനെ വീട്ടുതടങ്കലിലാക്കിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു എതിരാളിയെയും ആഗ്രഹിക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് രാജകുടുംബങ്ങളുമായി ബന്ധമുള്ള ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യാതൊരു എതിര്‍പ്പുമില്ലാത്ത ഒരു അധികാര ഉയര്‍ച്ചയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് മുഹമ്മദ് ബിന്‍ നായിഫിനെ സ്ഥാനത്ത് നിന്നും നീക്കിയത്. പകരം രണ്ടാം കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിക്കുകയായിരുന്നു. മക്കയില്‍ ചേര്‍ന്ന സൗദി രാജകുടുംബാംഗങ്ങളുടെ അനന്തരാവകാശ സമിതിയുടെ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.

43 അംഗങ്ങളില്‍ 31 അംഗങ്ങളും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അധികാരമാറ്റത്തില്‍ രാജകുടുംബത്തില്‍ നിന്ന് തന്നെ അതൃപ്തി ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News