മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നിരാശ; സി കെ വിനീതടക്കമുള്ളവര്‍ പുതിയ സീസണില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ടീമംഗങ്ങളെ സംബന്ധിച്ച് ധാരണയായിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ വരുണ്‍ തൃപുരാനേനി വ്യക്തമാക്കി. സി കെ വിനീത് അടക്കമുളള മലയാളി താരങ്ങള്‍ ടീമില്‍ ഉണ്ടാകുമോയെന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള ഫുട്‌ബോള്‍ അസോസിയേഷനും ബ്ലാസ്റ്റേഴ്‌സും സംയുക്തമായി സംസ്ഥാനത്താരംഭിക്കുന്ന ഫുട്‌ബോള്‍ സ്‌കൂളുകളുടെ ലോഗോ പ്രകാശനത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റ നിലവിലെ ടീമംഗങ്ങളില്‍ ഒന്നോ രണ്ടോ പേരെ നിലനിര്‍ത്തുമെന്നും ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ തൃപുരാനേനി പറഞ്ഞു. പുതിയ ടീം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. വിനീത് അടക്കമുളള മലയാളി താരങ്ങള്‍ ടീമിലുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ലേലത്തിലൂടെയാകും മലയാളി താരങ്ങളടക്കം ടീമില്‍ പ്രവേശിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്‌സും കേരള ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി എല്ലാ ജില്ലകളിലും ഫുട്‌ബോള്‍ സ്‌കൂളുകള്‍ തുടങ്ങാനും തീരുമാനിച്ചു. 25 സ്‌കൂളുകളാണ് അംഗീകാരമുളള കോച്ചുകളുടെ പരിശീലനത്തിന് കീഴില്‍ ആരംഭിക്കുക.

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂളിന്റെ ലോഗോ പ്രകാശനം KFA പ്രസിഡന്റ് കെഎംഎ മേത്തറും വരുണ്‍ തൃപുരാനേനിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. 10,12,14,16 വയസ്സ് പ്രായപരിധിയില്‍ തരംതിരിച്ചാകും സ്‌കൂള്‍ പ്രവേശനം. ഫുട്‌ബോള്‍ ലീഗില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്ക് പ്രത്യേക വികസന കേന്ദ്രങ്ങളും ആരംഭിക്കും. ഈ വര്‍ഷം തന്നെ 5 കേന്ദ്രങ്ങള്‍ തുടങ്ങാനാണ് പദ്ധതി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like