രാജ്യത്ത് ഒറ്റ നികുതി; അര്‍ധരാത്രി ചരക്കുസേവനനികുതി പ്രാബല്യത്തില്‍; ചടങ്ങുകള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ദില്ലി: രാജ്യത്തിന്റെ നികുതിഘടന മാറ്റിമറിച്ച് അര്‍ധരാത്രി മുതല്‍ ഒരൊറ്റ നികുതി മാത്രം. ശനിയാഴ്ച മുതല്‍ ചരക്കുസേവനനികുതിയെന്ന ജി എസ് ടി പ്രാബല്യത്തില്‍ വരും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാവും രാജ്യം ജി.എസ്.ടി. യുഗത്തിലേക്കു മാറുന്ന പ്രഖ്യാപനം നടത്തുക.

ഒരു മണിക്കൂര്‍ നീളുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും രാഷ്്രടപതിയും ജി.എസ്.ടിയെക്കുറിച്ചു വിശദീകരിക്കും. ഇതുമായി ബന്ധപ്പെട്ട രണ്ടു ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍, ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങള്‍, ജി.എസ്.ടി നടപടികളുടെ ഭാഗമായവര്‍ തുടങ്ങിയവരും പങ്കെടുക്കും.

മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസടക്കമുള്ളവര്‍ നടപടികള്‍ ബഹിഷ്‌കരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസും മുസ്ലീംലീഗും ചടങ്ങു ബഹിഷ്‌കരിക്കുന്നുണ്ട്. സി പി ഐ എമ്മും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടില്ല. ഇടത് അംഗങ്ങളും വിട്ടുനില്‍ക്കുമെന്ന് വ്യക്തമായിട്ടുണ്ട്.
ജി.എസ്.ടി. പ്രഖ്യാപനത്തെ ചരിത്രനിമിഷമാക്കിമാറ്റാനുള്ള നീക്കമാണു കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിട്ടുള്ളത്. സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് അര്‍ധരാത്രിയിലെ ജി.എസ്.ടി പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമെന്ന നിലയില്‍ ജി.എസ്.ടി നടപ്പാക്കുന്നതിനെ രാഷ്ട്രീയപരമായി നേട്ടംകൊയ്യാനുള്ള അവസരമാക്കാനാണ് ബി.ജെ.പിയുടെ നീക്കം.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ജി.എസ്.ടി. ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെങ്കിലും തുടര്‍നടപടികള്‍ നീണ്ടുപോകുകയായിരുന്നു. നിലവിലെ നികുതിഘടന പൊളിച്ചെഴുതി ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രാജ്യത്താകമാനം ഏകീകൃത നികുതി നിലവില്‍ വരികയാണ് ജി.എസ്.ടിയിലൂടെ. 5%,12%,18%,28% എന്നീ നിരക്കുകളിലാണ് ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നികുതി നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷ്യധാന്യമടക്കമുള്ള പ്രധാനപ്പെട്ട ചിലവയെ നികുതിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

രാജ്യത്ത് 65 ലക്ഷം നികുതിദായകരാണ് ഇതിനകം ജിഎസ്ടി ശൃംഖലയിലേയ്ക്ക് മാറിയത്. കേരളത്തില്‍നിന്ന് 2.62 ലക്ഷം വ്യാപാരികളാണ് ജിഎസ്ടിയുടെ ഭാഗമാകുന്നത്. വാറ്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന എല്ലാവ്യാപാരികള്‍ക്കും ജിഎസ്ടിയില്‍ കച്ചവടം തുടരാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News