ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ആയിരിക്കുമെന്ന് മോദി; പ്രതിഷേധങ്ങള്‍ക്കിടെ രാജ്യം ഏകീകൃത നികുതി സമ്പ്രദായത്തിലേക്ക് മാറി

ദില്ലി: ചെറുകിട വ്യാപാരികളുടെയും സംരംഭകരുടെയും പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടെ രാജ്യം ഏകീകൃത ചരക്കുസേവന നികുതി സമ്പ്രദായത്തിലേക്ക് മാറി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ആഘോഷപൂര്‍വം അര്‍ധരാത്രി സമ്മേളനം ചേര്‍ന്നാണ് ഈ നിര്‍ണായകമാറ്റം മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മതിയായ തയ്യാറെടുപ്പ് കൂടാതെ ജിഎസ്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ, ആംആദ്മി പാര്‍ടി തുടങ്ങിയ കക്ഷികള്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. എസ്പിയും എന്‍സിപിയും പങ്കെടുത്തു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ധനമന്ത്രിമാര്‍, എംപിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങി അറുന്നൂറോളം പേരാണ് ജിഎസ്ടി പ്രഖ്യാപനം നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തത്.

സര്‍ക്കാര്‍ ഗൃഹപാഠം ചെയ്തിട്ടില്ലെന്നും ജൂലൈ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പാക്കാന്‍ രാജ്യം ഒരുങ്ങിയിട്ടില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ചെറുകിട സംരംഭങ്ങളെയും വ്യവസായങ്ങളെയും ജിഎസ്ടി ദോഷകരമായി ബാധിക്കും. ജിഎസ്ടി കൌണ്‍സില്‍ തീരുമാനങ്ങളുടെ കാര്യത്തില്‍ പാര്‍ലമെന്ററി പരിശോധന ആവശ്യമാണ്. ബിജെപി അത് താല്‍പ്പര്യപ്പെടുന്നില്ല. ഇത് നല്ല ജനാധിപത്യമോ, ആരോഗ്യകരമായ സാമ്പത്തിക നടപടിയോ അല്ല യെച്ചൂരി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കുന്നത് ഏറെ തിരക്കിട്ടാണെന്നും ചെറുകിട സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ നികുതിഘടന നടപ്പാക്കുന്നതിന് സമയം അനുവദിക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണുകയും വേണം. നികുതിഘടനയുടെ അവ്യക്തത മുതലെടുത്ത് വിലവര്‍ധനക്ക് ശ്രമമുണ്ടാകും. നിലവിലെ സംയോജിത നികുതി നിരക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലവിവരപ്പട്ടികയും ജിഎസ്ടി നിരക്കിലുള്ള വിലവിവരപ്പട്ടികയും പ്രസിദ്ധപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. നികുതി കുറയുന്നതിന് അനുസൃതമായി വിലയും കുറയുന്നുവെന്ന് ഉറപ്പാക്കണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here