ചരക്ക് സേവന നികുതി: ഔഷധ മേഖലയിലെ വ്യാപാരികള്‍ ആശങ്കയില്‍

ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ നികുതി സമ്പ്രദായത്തില്‍ വലിയ മാറ്റമുണ്ടായ ഔഷധ മേഖലയിലെ വ്യാപാരികള്‍ ആശങ്കയില്‍. അഞ്ച് ശതമാനം നികുതി ഈടാക്കിയിരുന്ന മരുന്നുകളെ വിവിധ സ്ലാബുകളായി തിരിച്ചാണ് നികുതി ഏര്‍പ്പെടുത്തിയത്. നിലവില്‍ സ്റ്റോക്കുള്ള മരുന്നുകള്‍ വില്‍ക്കുമ്പോള്‍ പുതിയ നിരക്ക് പ്രകാരമുള്ള നികുതി കൂടി പിരിച്ചെടുക്കണമെന്ന നിബന്ധനയാണ് റീറ്റെയില്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്.

ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് നികുതി ഇല്ലാത്ത മരുന്നുകള്‍ എന്നും അഞ്ച് ശതമാനം വാറ്റ് നികുതിയുള്ള മരുന്നുകള്‍ എന്നും രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ വരെ ഹോള്‍സെയില്‍ സ്ഥാപനങ്ങളില്‍ നിന്ന് റീട്ടെയില്‍ ഷോപ്പുകളിലേക്ക് മരുന്നുകള്‍ എത്തിയത് ഈ നികുതി പ്രകാരമാണ്. എന്നാല്‍ ഇന്ന് മുതല്‍ റീറ്റെയില്‍ കടകള്‍ പുതിയ നികുതി പാലിച്ച് വേണം വില്‍പന നടത്താന്‍. ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ നികുതി ചുമത്തേണ്ട ഔഷധങ്ങളെ അഞ്ച് സ്ലാബുകളായി തിരിച്ചു.

കോണ്‍ട്രാസെപ്റ്റീവ്സ്, ഗര്‍ഭ നിരോധന ഉറകള്‍ തുടങ്ങി നികുതി ഇല്ലാത്തവയാണ് ആദ്യഗണം. ഇന്‍സുലിന്‍, ഓ.ആര്‍.എസ് തുടങ്ങി എസന്‍ഷ്യല്‍ വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ക്ക് 5ശതമാനം നികുതിയാണ് ജി.എസ്ടി പ്രകാരം. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള നിത്യോപയോഗ മരുന്നുകള്‍ക്ക് 12 ശതമാനം നികുതിയാണുള്ളത്.

മെഡിക്കേറ്റഡ് സോപ്പുകള്‍, ലോഷന്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തിന് 18 ശതമാനവും, ശരീരപുഷ്ടിക്കുള്ള മരുന്നുകള്‍ക്ക് 28 ശതമാനവുമാണ് പുതിയ നികുതി. നിലവില്‍ റീട്ടെയില്‍ കടകളില്‍ സ്റ്റോക്കുള്ള ഔഷധങ്ങള്‍ ഉപഭോക്താവിന് കൈമാറുമ്പോള്‍ ജി.എസ്ടി പ്രകാരമുള്ള നികുതി വ്യാപാരികള്‍ തിരികെ അടയ്ക്കണം. എം.ആര്‍.പിയെക്കാള്‍ ഉയര്‍ന്ന തുകയില്‍ മരുന്നുകള്‍ വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ പഴയ വിലയ്ക്കുള്ള മരുന്നുകള്‍ വിതരണക്കാര്‍ക്ക് തിരികെ നല്‍കേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍.

ബില്ലിംഗ് സമ്പ്രദായത്തില്‍ മാറ്റം വന്നതോടെ ക്രമീകരണങ്ങള്‍ക്കായി ഹോള്‍സെയില്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കില്‍ വിപണിയില്‍ ഔഷധങ്ങള്‍ക്ക് ക്ഷാമം അനുഭപ്പെടുമെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here