തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞ മാഡം എന്നു വിളിക്കുന്ന സ്ത്രീയെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സരിതാ നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് മാഡത്തെക്കുറിച്ച് ഇന്നലെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ സുനിയുടെ മാഡം സരിതാ നായരാണെന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപക പ്രചരണമുണ്ടായിരുന്നു.
ഇതിനോട് സരിതയുടെ പ്രതികരണം ഇങ്ങനെ: ”ഒരു സംശയവും വേണ്ട, ഫെനി പറഞ്ഞ മാഡം ഞാന്‍ അല്ല. കേസുകളുടെ കാര്യത്തില്‍ നേരിയ ബന്ധം മാത്രമാണ് ഫെനിയുമായി അവശേഷിക്കുന്നത്. ഫെനി ഇക്കാര്യത്തില്‍ പ്രൊഫഷണലായ ഒരു നീക്കം നടത്തിയതാകുമെന്നാണ് വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയത്. ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ അഡ്വക്കേറ്റല്ല. രണ്ടര വര്‍ഷമായി ഒരു ബന്ധവുമില്ല. ഫെനി കൈകാര്യം ചെയ്തതില്‍, ഒത്തുതീര്‍പ്പായിക്കഴിഞ്ഞ ഒരു കേസ് മാത്രമേ ബാക്കിയുള്ളൂ. എല്ലാം വക്കാലത്ത് പിന്‍വലിച്ച് എന്‍.ഒ.സി വാങ്ങി. ഇപ്പോള്‍ ബാക്കിയുള്ള കേസുകള്‍ പ്രാദേശികമായി പല അഭിഭാഷകരാണ് നോക്കുന്നത്. ”
”കുറച്ചുകാലം മുന്‍പുണ്ടായ ഒരു തര്‍ക്കത്തെത്തുടര്‍ന്ന് ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു. പള്‍സര്‍ സുനി കാണാന്‍ വന്നതായി ഫെനി പറഞ്ഞെന്ന് പത്രത്തില്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ അയാളെ പൊലീസില്‍ ഏല്‍പിക്കേണ്ടതായിരുന്നു. കീഴടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞത് അയാളുടെ പ്രൊഫഷണല്‍ എത്തിക്‌സിന്റെ ഭാഗമാണ്. എല്ലാം കഴിഞ്ഞ് വിളിച്ചു എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. നേരിട്ട് ഒന്നിനെക്കുറിച്ചും അഭിപ്രായം പറയാന്‍ താന്‍ ആളല്ല.”
”ആരാണ് കുറ്റം ചെയ്തതെന്ന് പത്രങ്ങളില്‍ നിന്നുപോലും മനസിലാക്കാനാവാത്ത അവസ്ഥയാണുള്ളത്. ആക്രമിക്കപ്പെട്ട നടി ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സ്ത്രീയെന്ന നിലയില്‍ അവര്‍ക്കൊപ്പമാണ്.”-സരിത പറയുന്നു.
മനോജ്, രാജേഷ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സുനിയ്ക്ക് കീഴടങ്ങാന്‍ സഹായം ചെയ്യണം എന്നാവശ്യപ്പെട്ട് ഫെനിയെ സമീപിച്ചത്. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ അവസരമൊരുക്കാമെന്ന് ഫെനി അവരെ അറിയിച്ചിരുന്നു. എന്നാല്‍ മാഡത്തിനോട് ചോദിച്ച ശേഷം തീരുമാനം അറിയിക്കാം എന്ന് അവര്‍ പറഞ്ഞതായും ഫെനി വെളിപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍.
Get real time update about this post categories directly on your device, subscribe now.