കര്‍ഷകര്‍ക്ക് ഗുണമേന്മ കുറഞ്ഞ വിത്തുകള്‍ വിതരണം ചെയ്ത കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി പീപ്പിള്‍ ടിവി വാര്‍ത്തയെ തുടര്‍ന്ന്

തിരുവനന്തപുരം: സംസ്ഥാന വിത്ത് വികസന അതോറിറ്റി വഴി പച്ചക്കറി കര്‍ഷകര്‍ക്ക് ഗുണമേന്മ കുറഞ്ഞ വിത്തുകള്‍ വിതരണം ചെയ്ത സംഭവത്തിലാണ് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ ജെ ഒനീലിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. കൃഷി വകുപ്പിലെ ആഭ്യന്തര വിജിലന്‍സ് വിഭാഗം തലവന്‍ അനില്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്ത്രി വിഎസ് സുനില്‍കുമാറിന്റെ നടപടി .

തമിഴ്‌നാട്ടിലെ വിവിധ പച്ചക്കറി തോട്ടങ്ങളില്‍ നിന്ന് ഉപയോഗശൂന്യമായ പച്ചക്കറി വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കൃഷി വകുപ്പിന്റെ കീഴിലെ ആര്‍ എസ് ജി പി വഴിയാണ് കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത് വിതരണം നടത്തേണ്ടത്.

വിത്ത് ഉല്‍പ്പാദിപ്പിക്കാനായി കൃഷി വകുപ്പ് തിരഞ്ഞെടുത്ത കര്‍ഷകര്‍ കൃത്രിമ രേഖകള്‍ ചമച്ച് സര്‍ക്കാരിനെ വഞ്ചിച്ചതായും വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ അശോക് കുമാര്‍ തെക്കന്‍ , പി കെ ബീന , ഒനീല്‍ എന്നീവരുടെ ഒത്താശയുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിരുന്നു.

സര്‍ക്കാര്‍ സഹായത്തോടെ കൃഷി ചെയ്തതായി പറയപ്പെടുന്ന സ്ഥലങ്ങള്‍ പലതും റബര്‍ തോട്ടങ്ങളോ, സ്റ്റേഡിയമോ , ആണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ പോലും കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതെയാണ് പണം ക്രമരഹിതമായി ചിലവഴിച്ചെതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

ക്രമക്കേടിനെ തുടര്‍ന്ന് മുന്‍കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ , ഭാര്യയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുമായ പി കെ ബീന എന്നീവരെ കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കൃഷി വകുപ്പ് അസിസ്റ്റ്ന്റ് ഡയറക്ടര്‍ കെജെ ഒനീലിനെ കൂടി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പതിനാറോളം ഉദ്യോഗസ്ഥക്കെതിരെയാണ് വിജിലന്‍സ് സര്‍ക്കാരിനോട് നടപടി ശുപാര്‍ശ ചെയ്തിരിക്കുന്നത് . വിത്ത് വികസന അതോറിറ്റിലെ ക്രമക്കേട് സംബന്ധിച്ച വാര്‍ത്ത പീപ്പിള്‍ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here