ഇടുക്കിയില്‍ പട്ടയം അപേക്ഷ ഇന്നുമുതല്‍; കയ്യേറ്റക്കാരോടും താമസിക്കാന്‍ ഭൂമിയില്ലാത്ത പാവങ്ങളോടും ഒരേ സമീപനമാവില്ല-മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ ജൂലൈ 1 മുതല്‍ പുതിയ പട്ടയ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇടുക്കിയിലെ ഭൂമി പ്രശ്‌നം സംബന്ധിച്ച് ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും കച്ചവട സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേവികുളം താലൂക്കില്‍ പട്ടയം നല്‍കാത്ത പ്രശ്‌നവും പരിഹരിക്കും.

എല്ലാ പട്ടയങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും. നേരത്തെ ചേര്‍ന്ന യോഗങ്ങളില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായി ഇടുക്കിയില്‍ 5490 പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പട്ടയവിതരണം വേഗത്തിലാക്കുന്നതിന് ആവശ്യമായ സര്‍വയര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ യോഗത്തില്‍ പറഞ്ഞു.

ഇടുക്കിയില്‍ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. മൂന്നാറിന്റെ പ്രകൃതി ഭംഗിയും പരിസ്ഥിതിയും സംരക്ഷിക്കും. മൂന്നാറിനെയോ ഇടുക്കിയിലെ മറ്റേതെങ്കിലും പ്രദേശത്തെയോ കോണ്‍ക്രീറ്റ് വനമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. വാണിജ്യാവശ്യത്തിന് കച്ചവടക്കണ്ണോടെ പുറത്തുനിന്ന് ഇടുക്കിയിലേക്ക് വരുന്ന കയ്യേറ്റക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കും.

കയ്യേറ്റക്കാരെയും താമസിക്കാന്‍ വേറെ ഭൂമിയില്ലാത്ത പാവങ്ങളെയും ഒരേ സ്‌കെയില്‍ കൊണ്ട് അളക്കുന്ന സമീപനം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. താമസിക്കാന്‍ വേറെ ഭൂമിയില്ലാത്തവരുടെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നിലപാട് എടുക്കും. 1977-ന് മുമ്പ് കുടിയേറിയ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും. ആദിവാസികള്‍ക്ക് ഭൂമിയും രേഖയും ലഭ്യമാക്കും.

ഇടുക്കിയിലെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിളിക്കുന്ന നാലാമത്തെ യോഗമാണിതെന്ന് മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. നേരത്തെ ചേര്‍ന്ന യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളും ആ യോഗങ്ങളില്‍ നല്‍കിയ ഉറപ്പുകളും നടപ്പാക്കും. നിയമപരമായ ചില പരിശോധനകള്‍ ബാക്കിയുള്ളതുകൊണ്ടാണ് തീരുമാനങ്ങള്‍ നടപ്പാക്കാന്‍ താമസം നേരിടുന്നത്.

മൂന്നാര്‍ ടൗണ്‍ഷിപ്പ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കും. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആവശ്യമെങ്കില്‍ ഇതിന് വേണ്ടി സ്‌പെഷല്‍ ഓഫീസറെ നിയോഗിക്കും. തോട്ടം തൊഴിലാളികള്‍ക്ക് വീട് നല്‍കുന്ന പദ്ധതി തൊഴില്‍ വകുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കും.

മൂന്നാര്‍ ടൗണില്‍ കച്ചവടം ചെയ്ത് ജീവിക്കുന്നവരുടെ പ്രശ്‌നം സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിച്ച് പരിഹരിക്കും. നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കും. വേറെ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും താമസസൌകര്യവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ മനസ്സ് അവരോടൊപ്പമാണ്.

കെഡിഎച്ച് (കണ്ണന്‍ ദേവന്‍ ഹില്‍സ്) വില്ലേജില്‍ ടാറ്റ കമ്പനിയും സര്‍ക്കാരും കുത്തകപ്പാട്ടം നല്‍കിയ 113 പേരില്‍ അര്‍ഹമായവര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കും. ഇതില്‍പെട്ട വി വി ജോര്‍ജിന്റെ പ്രശ്‌നം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അക്കാര്യത്തില്‍ ഹൈക്കോടതിയുടെ പരിശോധനക്ക് ശേഷം തീരുമാനമെടുക്കും.

കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ പ്രശ്‌നവും വീടുകള്‍ക്ക് നമ്പര്‍ കിട്ടാത്ത പ്രശ്‌നവും പ്രശ്‌നവും പരിഹരിക്കാന്‍ യോഗം തീരുമാനിച്ചു. കോടതിയുടെ തടസ്സമില്ലാത്ത എല്ലാ കേസുകളിലും നികുതി സ്വീകരിക്കും. മൂന്നാറില്‍ പതിച്ചുകൊടുക്കാവുന്ന ഭൂമിയില്‍ പൊതുആവശ്യത്തിനുള്ളത് മാറ്റിവെച്ച് ബാക്കിയുള്ള ഭൂമിക്ക് പട്ടയം നല്‍കും. കൈവശം വെച്ചുവരുന്ന ഭൂമി കൈമാറിയിട്ടുണ്ടെങ്കില്‍ പോലും പട്ടയത്തിന് അര്‍ഹതയുണ്ട്. ഭൂമിക്കാണ് പട്ടയം നല്‍കുന്നത്. ഇടുക്കി ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിനും റവന്യൂ വകുപ്പിനും ഒരേനിലപാടാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പട്ടയം കിട്ടിയ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കിക്കൊണ്ടുള്ള ചട്ടങ്ങള്‍ ഒരാഴ്ചക്കകം പ്രസിദ്ധീകരിക്കുമെന്ന് പി എച്ച് കുര്യന്‍ അറിയിച്ചു. 10 മരങ്ങള്‍ ഒഴികെയുള്ളവ മുറിക്കാന്‍ അനുമതി ലഭിക്കും.

നേരത്തെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ യോഗങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ യോഗവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഭൂമി പ്രശ്‌നം പരിഹരിക്കാനും പ്രത്യേകമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇടുക്കി പ്രശ്‌നത്തില്‍ മാര്‍ച്ച് 27ന് എംഎല്‍എമാരും എംപിയും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം മെയ് 7ന് വീണ്ടും യോഗം ചേര്‍ന്നു. കൂടാതെ സര്‍വകക്ഷി യോഗവും വിളിച്ചുചേര്‍ത്തു. ഈ യോഗങ്ങളുടെ തുടര്‍ച്ചയായാണ് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News