മരുന്നില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്പനികള്‍; വില നിയന്ത്രണത്തെ മറികടക്കാന്‍ മരുന്നുലോബിയുടെ തട്ടിപ്പ്

കേന്ദ്ര സര്‍ക്കാര്‍ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ടെറ്റനസ് ഇന്‍ജക്ഷന് സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി ഉത്തരേന്ത്യന്‍ മരുന്നു കമ്പനികള്‍. വില പകുതിയായി കുറച്ചതോടെ ടെറ്റനസ് ടോക്‌സോയിഡിനൊപ്പം ഡിഫ്തീരിയ മരുന്നും ചേര്‍ന്ന ഇന്‍ജക്ഷന്‍ വില്‍പനയ്ക്ക് എത്തിച്ചാണ് വില നിയന്ത്രണത്തെ മറികടക്കുന്നത്.

പത്ത് രൂപ അധികം ഈടാക്കുന്ന ബദല്‍ മരുന്നിന്റെ വില്‍പനയിലൂടെ പ്രതിമാസം സംസ്ഥാനത്തു നിന്ന് കൊയ്യുന്നത് നാല് കോടി രൂപയുടെ അധിക വരുമാനം. വില കുറച്ച മരുന്നുകളുടെ ഉത്പാദനം അവസാനിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് ഔഷധ ലോബിക്ക് സഹായകമാകുന്നത്.

ടെറ്റനസ് ടോക്സോയിഡ് ഉള്‍പ്പെടെയുള്ള ഇരുപത്തിരണ്ട് അവശ്യ മരുന്നുകളെ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ജനുവരി ഇരുപത്തിനാലിനാണ് ഉത്തരവിറങ്ങിയത്. ദശാംശം അഞ്ച് മില്ലി ലീറ്റര്‍ വരുന്ന ഒരു ഡോസിന് പത്ത് രൂപ എണ്‍പത് പൈസ ആയിരുന്നത്, അഞ്ച് രൂപ അന്‍പത്തിമൂന്ന് പൈസയാക്കിയാണ് കേന്ദ്ര ഔഷധ വില നിയന്ത്രണ അതോറിറ്റി നിജപ്പെടുത്തിയത്.

ഇതിനു പിന്നാലെ മരുന്നു കമ്പനികള്‍ ഇതേ മരുന്നിന്റെ ഉത്പാദനം നിര്‍ത്തിവച്ചു. മാസം തോറും നാല് ലക്ഷം ഇന്‍ജക്ഷനുകള്‍ വിറ്റഴിയുന്ന കേരളത്തില്‍ ടെറ്റനസിനൊപ്പം ഡിഫ്തീരിയ മരുന്നും ചേര്‍ന്ന ഔഷധം വില്‍പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ഉത്തരേന്ത്യന്‍ മരുന്ന് ലോബികള്‍. വില നിയന്ത്രണത്തെ മറികടക്കാന്‍ പകരമെത്തിച്ച മരുന്നിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ പത്ത് രൂപയാണ് അധികം നല്‍കേണ്ടത്.
മുറിവേല്‍ക്കുന്നവര്‍ക്കും, ശസ്ത്രക്രീയകള്‍ക്ക് വിധേയരാകുന്നവര്‍ക്കുമാണ് ടെറ്റനസ് ഇന്‍ജക്ഷന്‍ നല്‍കാറുള്ളത്. ഇവര്‍ക്കെല്ലാം ടെറ്റനസിനൊപ്പം അനാവശ്യമായി ഡിഫ്തീരിയ മരുന്നും ചേര്‍ന്ന ഇന്‍ജക്ഷനാണ് നിലവില്‍ പകരം നല്‍കുന്നത്. വില നിയന്ത്രിച്ച മരുന്നുകളുടെ ഉത്പാദനം അവസാനിപ്പിക്കുമ്പോള്‍ കമ്പനികള്‍ക്കെതിരെ കേന്ദ്രം യാതൊരു നടപടിയും സ്വീകരിക്കാറില്ല. ബദല്‍ മരുന്നിന്റെ വില്‍പനയിലൂടെ കേരളത്തില്‍ നിന്ന് പ്രതിമാസം നാല് കോടി രുപയുടെ അധിക വരുമാനമാണ് മരുന്ന് ലോബികള്‍ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here