
കോണ്‍ഫഡറേഷന്‍സ് കപ്പ് കലാശപ്പോരാട്ടത്തില്‍ ഇന്ന് ജര്‍മ്മനി ചിലിയെ നേരിടും. ലോകചാമ്പ്യന്മാരായ ജര്‍മ്മനി യുവനിരയുമായിറങ്ങുമ്പോള്‍ കപ്പ് നേടി കരുത്ത് തെളിയിക്കുകയെന്ന ലക്ഷ്യവുമായാണ് ചിലി കളത്തിലിറങ്ങുന്നത്.
സെമിയില്‍ പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയ പോരാട്ടവീര്യവുമായി ചിലി കളത്തിലിറങ്ങുമ്പോള്‍, മെക്‌സിയ്‌ക്കോയ്‌ക്കെതിരെ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ലോകചാമ്പ്യന്മാരായ ജര്‍മ്മനി പോരിനിറങ്ങുന്നത്.
തുല്യശക്തികളെന്നു ഇരുടീമുകളെയും വിശേഷിപ്പിക്കാമെങ്കിലും ജര്‍മ്മന്‍ പുതുരക്തത്തിന്റെ പോരാട്ടവീര്യത്തില്‍ ചിലി ചിലപ്പോള്‍ ഒലിച്ചുപോയേക്കാം. നായകന്‍ ജൂലിയാന്‍ ഡ്രാക്‌സലര്‍, സ്റ്റിന്‍ഡല്‍, റൂഡിഗര്‍, കിമ്മിഷ്, വെര്‍ണര്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കൊപ്പം ഗോളി ടെര്‍ സ്‌റ്റെഗന്‍ കൂടി ഫോമിലായാല്‍ ജര്‍മ്മനിയെ തളയ്ക്കാനാകില്ല. ടൂര്‍ണമെന്റിലെ പ്രാഥമിക മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓരോ ഗോളടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു.
കോച്ച് ജോവാഹിം ലോവിന്റെ പുതു തന്ത്രങ്ങള്‍ ഉള്‍ക്കൊണ്ട ടീമെന്ന നിലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചിലി ഏതു തരത്തിലാകും നേരിടുക എന്നത് കളത്തില്‍ കണ്ടറിയേണ്ടിയിരിക്കുന്നു. ചിലിയുടെ തുറുപ്പ്ചീട്ടായ സാഞ്ചസും മികച്ച ഫോര്‍വേഡറായ വിദാലിന്റെയും കൂട്ടുകെട്ടില്‍ ജര്‍മ്മനിയുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ചിലി.
റോഡ്രിഗസ്, ഗിറ്ററസ് എന്നിവര്‍ കൂടി അണിചേര്‍ന്നാല്‍ തങ്ങളാകും വിജയികളെന്ന് ചിലിക്ക് പറയാനാകും. സമീപകാലത്ത് രണ്ടു കോപ്പ അമേരിക്ക കിരീടങ്ങള്‍ ഒരുമിച്ചു നേടിയ ചിലിക്ക് കരുത്ത് തെളിയിക്കേണ്ടത് അനിവാര്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here