ബീഫ് കൊലപാതകം; ബിജെപി നേതാവ് പിടിയില്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ പശുവിറച്ചി വാഹനത്തില്‍ കടത്തിയെന്നാരോപിച്ച് വ്യാപാരിയെ തല്ലികൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. രാംഗഡിലെ ബിജെപി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹ്‌തോ, സന്തോഷ് സിംഗ്, ഛോട്ടു റാണ എന്നിവരെയാണ് പിടികൂടിയത്.

വ്യാഴാചയാണ് മുഹമ്മദ് അലിമുദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയുടെ വാഹനം ബജാര്‍ഖണ്ഡ് ഗ്രാമത്തിനു സമീപം വച്ച് മുപ്പതോളം പേരുടെ സംഘം തടഞ്ഞത്. വാനില്‍ നാലു ചാക്കുകളിലായി പശുവിറച്ചി ഉണ്ടെന്നാരോപിച്ച് അന്‍സാരിയെ വാഹനത്തില്‍നിന്നു വലിച്ചിറക്കി. ക്രൂരമായി മര്‍ദിച്ച ശേഷം വാനിനു തീയിടുകയും ചെയ്തു. അരമണിക്കൂറിനു ശേഷം പൊലീസ് എത്തി അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ജാര്‍ഖണ്ഡില്‍ ഈ മാസം പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. കഴിഞ്ഞ ചൊവ്വാഴ്ച ജാര്‍ഖണ്ഡിലെ ഗിരിധി ഗ്രാമത്തില്‍ വീടിനു പുറത്തു പശുവിന്റെ ജഡം കണ്ടെത്തിയതിനെത്തുടര്‍ന്നു പാല്‍വില്‍പനക്കാരനെ മര്‍ദിച്ചശേഷം വീടിനു തീയിട്ടിരുന്നു. കഴിഞ്ഞ മാസം സംസ്ഥാനത്തു കന്നുകാലിക്കച്ചവടക്കാരായ നാലുപേര്‍ക്കെതിരെയും ആക്രമണമുണ്ടായി.

ഗോ രക്ഷയുടെ പേരില്‍ ആരെയും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മോദി പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു കൊലപാതകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here