‘രണ്ടു പ്രമുഖ നടിമാരുടെ പേര് പറയാന്‍ സമ്മര്‍ദം’; ഫെനി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രമുഖ നടിമാരുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. രണ്ട് ദിവസമായി പലരും തന്നെ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ പേര് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും ഫെനി അറിയിച്ചു. ആലുവ പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെനി.

ദിലീപ് പറഞ്ഞത് അനുസരിച്ചാണ് പൊലീസ് മൊഴിയെടുത്തതെന്നും ഫെനി പറഞ്ഞു. തന്നെ കാണാന്‍ വന്ന ആളുകളെന്ന് സംശയിക്കുന്ന ചിലരുടെ ഫോട്ടോകള്‍ പൊലീസ് കാണിച്ചെന്നും അതില്‍ ഒരാളെ ഏകദേശം തിരിച്ചറിഞ്ഞെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കീഴടങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ സുഹൃത്തുക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മനോജ് രാജേഷ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സുനിയ്ക്ക് കീഴടങ്ങാന്‍ സഹായം ചെയ്യണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത്. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ അവസരമൊരുക്കാമെന്ന് താന്‍ അവരെ അറിയിച്ചു. മാഡത്തിനോട് ചോദിച്ച ശേഷം തീരുമാനം അറിയിക്കാം എന്ന് അവര്‍ പറഞ്ഞതായും ഫെനി പറഞ്ഞിരുന്നു.

ഇതോടെയാണ് ഫെനിയെ സമീപിച്ച സുഹൃത്തുക്കള്‍ ആരാണെന്നും, അവര്‍ പറഞ്ഞ മാഡം ആരാണെന്നും പൊലീസ് അന്വേഷിക്കാന്‍ തുടങ്ങിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News