കൂട്ടബലാത്സംഗവും നാലു തവണ ആസിഡ് ആക്രമണവും നേരിട്ട യുവതിയെ അപമാനിച്ച് യോഗി ആദിത്യനാഥ്; ഇതാണ് ബിജെപി മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖമെന്ന് സോഷ്യല്‍മീഡിയ

ലഖ്‌നൗ: കൂട്ടബലാത്സംഗവും നാലു തവണ ആസിഡ് ആക്രമണവും നേരിട്ട യുവതിയെ അപമാനിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവതിയ്ക്ക് നേരെ നടന്ന ആസിഡ് ആക്രമണം യഥാര്‍ഥമാണോ എന്ന സംശയമാണ് ബിജെപി മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. നാലു തവണ ആക്രമണത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന യുവതിയെ സംശയ ദൃഷ്ടിയോടെ നോക്കുന്ന യോഗിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

‘ആക്രമണം യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവൂ. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സംഭവം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാം’-യോഗി ആദിത്യനാഥ് ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. അപകടനില തരണം ചെയ്ത യുവതി, ജീവിതത്തിലേക്ക് തിരികെ വരുമ്പോഴാണ് യോഗിയുടെ സംശയം.

35കാരിയായ യുവതിക്ക് നേരെ ലഖ്‌നൗവില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി എട്ടിനും ഒന്‍പതിനും ഇടയില്‍ വെള്ളമെടുക്കാന്‍ ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ യുവതിക്ക് നേരെ ഒരു സംഘമാളുകള്‍ ആസിഡ് എറിയുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ് മുഖത്തിന്റെ വലതുഭാഗത്ത് പൊള്ളലേറ്റ യുവതി ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

2008ല്‍ റായ്ബറേലിയില്‍ വച്ചാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് 2011ലാണ് യുവതിക്ക് നേരെ ആദ്യആസിഡ് ആക്രമണമുണ്ടായത്. 2013ല്‍ വീണ്ടും ആക്രമണമുണ്ടായി. ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ അലഹബാദ് ലഖ്‌നൗ ഗംഗ എക്‌സ്പ്രസ് ട്രെയിനില്‍ വച്ചും ആക്രമണമുണ്ടായി.

യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് ആസിഡ് ആക്രമണത്തിന് പിന്നില്ലെന്നും പൊലീസ് സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News