മയക്കുമരുന്ന് രാജാവ് ‘വൈറ്റ് ഹെഡ്’ അറസ്റ്റില്‍; 30 വര്‍ഷമായി ഒളിവില്‍; പിടിക്കപ്പെടാതിരിക്കാന്‍ മുഖം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത് മാറ്റം വരുത്തി

30 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് രാജാവ് വൈറ്റ് ഹെഡ് എന്ന വിളിപ്പേരുള്ള ലൂയിസ് കാര്‍ലോസ് ഡാ റോച്ച അറസ്റ്റിലായി. മൂന്ന് പതിറ്റാണ്ടായി പൊലീസ് തേടിനടന്ന ഇയാള്‍ അറസ്റ്റില്‍ നിന്ന് രക്ഷപെടാന്‍ മുഖം പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി രൂപമാറ്റം വരുത്തിയിരുന്നു.

വൈറ്റ് ഹെഡ് എന്നായിരുന്നു സംഘാംഗങ്ങളുടെയിടയില്‍ ഇയാള്‍ അറിയപ്പെടുന്നത്. സൗത്ത് അമേരിക്കയിലെ മയക്കുമരുന്ന് ചക്രവര്‍ത്തിയായിരുന്നു കാര്‍ലോസ് ഡാ റോച്ച. ബ്രസീലിലെ മാട്ടോഗ്രോസ്സോയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. മുഖത്തിനൊപ്പം പേരും മാറ്റിയിരുന്നു ഡാ റോച്ച. ഇവിടെ അയാള്‍ വിക്ടര്‍ ലൂയിസ് ഡി മോറസ് ആയിരുന്നു.

50 കൊല്ലത്തില്‍ കൂടുതല്‍ തടവുശിക്ഷ ഇയാള്‍ക്ക് മേടിച്ച് കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രസീല്‍ ഫെഡറല്‍ പൊലീസ്. ഓപ്പറേഷന്‍ സ്‌പെക്ട്രം എന്ന് പേരിട്ട പൊലീസ് നടപടിയില്‍ 150പൊലീസുകാരാണ് ഉണ്ടായിരുന്നത്.

വളരെ വിപുലമായ ഒരു സംഘത്തിന്റെ നേതാവാണ് കാര്‍ലോസ് ഡാ റോച്ച. സംഘാംങ്ങളാകട്ടെ കൊടും ക്രിമിനലുകളും. 100 മില്യന്‍ ഡോളറാണ് സംഘത്തിന്റെ ആസ്തിയായി പൊലീസ് പറയുന്നത്. ഇത് കണ്ട് കെട്ടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. സംഘത്തിന്റെ തണലില്‍ സംഘാംങ്ങളുടെ സംരക്ഷണയിലാണ് ഇത്രയും കാലം കാര്‍ലോസ് ഡാ റോച്ച പൊലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്നത്. ഇയാളുടെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും താരതമ്യം ചെയ്താണ് പൊലീസ് കാര്‍ലോസ് ഡാ റോച്ച തന്നെയാണ് വിക്ടര്‍ ലൂയിസ് ഡി മോറസ് എന്ന് ഉറപ്പിച്ചതും.

അക്രമവും അനീതിയും മുഖമുദ്രയാക്കിയ സംഘത്തിന്റെ പക്കല്‍ വന്‍ ആയുധങ്ങളുടെ ശേഖരം തന്നെയുണ്ടെന്ന് ബ്രസീല്‍ പൊലീസ് പറയുന്നു. പെറു, ബൊളീവിയ, കൊളംബിയ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് ഉല്‍പാദിപ്പിച്ച ശേഷം ബ്രസീലിലെ വിവിധ നഗരങ്ങളിലെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. മാസം തോറും അഞ്ചു ടണ്‍ കൊക്കെയ്ന്‍ ഇയാളുടെ സംഘം ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതായി പൊലീസ് പറയുന്നു.

ഓപ്പറേഷന്‍ സ്‌പെക്ട്രം എന്ന് പേരിട്ട പൊലീസ് നടപടിയിലൂടെ ആഡംബരവാഹനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് വ്യാപാരം എന്നിവ ഉള്‍പ്പെടെ 10 മില്യന്‍ ഡോളറിന്റെ ആസ്തിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 150ഓളം പൊലീസുകാര്‍ ആണ് ഇയാളെ കണ്ടെത്തുന്ന ടീമില്‍ ഉള്‍പ്പെട്ടിരുന്നത്.

ഇയാളുടെ വലംകൈയായ ക്രിമിനലും അറസ്റ്റിലായതായാണ് സൂചന. പിടിക്കപ്പെടുമ്പോള്‍ സ്യൂട്‌കെയ്‌സുകള്‍ നിറയെ പണവും തോക്കുകളും പുതിയ മൊബൈല്‍ ഫോണുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here