കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടവും ജര്‍മനിക്ക്

ലോകചാമ്പ്യന്‍മാരായ ജര്‍മനി, ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കന്നിക്കിരീടം സ്വന്തമാക്കിയത്. ഇതോടെ കോണ്‍ഫെഡറേഷന്‍ കപ്പും, ലോകകപ്പും നേടുന്ന രണ്ടാമത്തെ രാജ്യമെന്ന നേട്ടവും ജര്‍മനിക്ക് സ്വന്തം. ഫ്രാന്‍സാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റൊരു ടീം.

ചിലി ആധിപത്യം പുലര്‍ത്തിയ കളിയില്‍ ഇരുപതാം മിനിറ്റില്‍ സ്റ്റിന്‍ഡലാണ് ജര്‍മനിക്ക് സ്വപ്നഗോള്‍ സമ്മാനിച്ചത്. ചിലെ താരം മാഴ്‌സലോ ദയസിന്റെ പിഴവില്‍ നിന്നു പന്തു കിട്ടിയ ടിമോ വെര്‍ണര്‍ നല്‍കിയ പാസ് സ്റ്റിന്‍ഡില്‍ അനായാസം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ജര്‍മനിയുടെ ചരിത്ര നിമിഷമാണ് പിറന്നത്. രണ്ടാം പകുതിയില്‍ ഇരുടീമുകളുടെയും പോരാട്ടം പലപ്പോഴും കൈയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ 6 മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.

തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ചിലിഗോള്‍ മുഖത്തേക്ക് 21 ഷോട്ടുകള്‍ പായിച്ചെങ്കിലും വല കുലുക്കാന്‍ ആയില്ല. ആക്രമണത്തില്‍ ചിലി തന്നെയായിരുന്നു മുന്നില്‍. എണ്ണമറ്റ അവസരങ്ങളാണ് അവര്‍ സൃഷ്ടിച്ചതും അതുപോലെ തന്നെ പാഴാക്കിയതും. ഒരു ഗോള്‍ ലീഡ് നേടിയതോടെ ജര്‍മനി അവരുടെ പ്രതിരോധക്കോട്ട ഭദ്രമാക്കി. അഞ്ചു പേരാണ് പിന്‍നിര കാക്കാനുണ്ടായിരുന്നത്. ഇതിനെ ഭേദിക്കാന്‍ ചിലിക്ക് കഴിഞ്ഞില്ല. അവരുടെ നീക്കങ്ങള്‍ പലതും ബോക്‌സില്‍ വീരചരമം പ്രാപിച്ചു. ഈ ഗോളുകള്‍ മുടക്കിയതിന്റെ ബഹുമതി ജര്‍മന്‍ ഗോളി സ്റ്റെഗനാണ്. മാന്‍ ഓഫ് ദി മാച്ചും സ്റ്റെഗന്‍ തന്നെ.അവസാന വിസിലിന് തൊട്ടു മുന്‍പ് പോലും ഒരു അവസരം കിട്ടി ചിലിക്ക്. സാഞ്ചസിന്റെ ഫ്രീകിക്ക് കഷ്ടിച്ചാണ് ഗോളി രക്ഷപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News