സുനിയുടെ മാഡം ആര്? മഞ്ജു വാര്യരുടെയോ റിമാ കല്ലിങ്കലിന്റെയോ പേരു പറയാന്‍ സമ്മര്‍ദമുണ്ടെന്ന് ഫെനി ബാലകൃഷ്ണന്‍; സമ്മര്‍ദം ചെലുത്തിയവരില്‍ നേരിട്ടറിയാവുന്നവരും

കൊച്ചി: മാഡം ആരാണെന്ന് പൊലീസ് ചോദിക്കുമ്പോള്‍ മഞ്ജു വാര്യരുടെയോ റിമാ കല്ലിങ്കലിന്റെയോ പേരു പറയാന്‍ ചിലര്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഫെനി ബാലകൃഷ്ണന്‍. ആലുവ പൊലീസ് ക്ലബ്ബിലെത്തി മൊഴി നല്‍കവെയാണ് ഫെനി ഇക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്കറിയാവുന്നവരും പരിചയമില്ലാത്ത ചിലരും തന്നെ നേരിട്ട് വന്ന് കണ്ടാണ് സമ്മര്‍ദം ചെലുത്തിയതെന്നും ഫെനി മൊഴി നല്‍കി.

പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോള്‍ അത് മാഡത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ദിലീപിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ഫെനി വ്യക്തമാക്കിയിരുന്നു.

ഫെനി വിളിച്ച കാര്യം ദിലീപും അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫെനി ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചപ്പോഴാണ് ചിലര്‍ തന്നെ വന്നു കണ്ടതായി ഫെനി പറഞ്ഞിരിക്കുന്നത്. സുനിയുടെ സുഹൃത്തുക്കള്‍ സംസാരത്തിനിടെ പരാമര്‍ശിച്ച മാഡം ആരാണെന്ന് പൊലീസ് ചോദിക്കുമ്പോള്‍ മഞ്ജു വാര്യരുടെയോ റിമാ കല്ലിങ്കലിന്റെയോ പേര് പറയാന്‍ അവര്‍ സമ്മര്‍ദം ചെലുത്തി. തനിക്ക് നേരിട്ടറിയാവുന്നവരും പരിചയമില്ലാത്തവരും സമ്മര്‍ദം ചെലുത്തിയവരുടെ കൂട്ടത്തിലുണ്ട്. അവരെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമായി സംസാരിച്ചിട്ടുണ്ടെന്നും ഫെനി പറഞ്ഞു.

സിനിമാ രംഗത്തുള്ളവര്‍ സമ്മര്‍ദം ചെലുത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടോ എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ ഫെനി തയ്യാറായില്ല. ഫെനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News