ഖത്തറിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിച്ച് അറബ് രാജ്യങ്ങള്‍; തീരുമാനം കുവൈറ്റ് അമിറിന്റെ ഇടപെടലില്‍

റിയാദ്: അറബ് രാജ്യങ്ങള്‍ വച്ച ഉപാധികള്‍ നടപ്പാക്കുന്നതിന് ഖത്തറിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിച്ചതായി സൗദി അറേബ്യ. കുവൈറ്റ് അമിറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. സമയം നീട്ടിനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും അറിയിച്ചു. ഖത്തറിന് നല്‍കിയ 10 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

തീവ്രവാദഗ്രൂപ്പുകളെ സഹായിക്കുന്നു എന്നാരോപിച്ചു ജൂണ്‍ അഞ്ചിനാണ് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. പിന്നാലെയുണ്ടായ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ഉപരോധം പിന്‍വലിക്കാന്‍ പതിമൂന്ന് ഉപാധികളടങ്ങിയ പട്ടിക അറബ് രാജ്യങ്ങള്‍ ഖത്തറിന് കൈമാറിയിരുന്നു.

അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനികരെ പിന്‍വലിക്കുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങള്‍ തള്ളിയ ഖത്തര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് ഉപാധികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ചര്‍ച്ചക്ക് തയാറുള്ളൂവെന്ന നിലപാടാണ് സൗദി അടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here