
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സിനിമകളെക്കുറിച്ചും അന്വേഷണം. സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള സിനിമകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനിലെത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാത്രമല്ല, ജയിലില്‍ നിന്ന് സുനി എഴുതിയ കത്തില്‍, സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങളൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും പറയുന്നുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് 2013 മുതലുള്ള ദിലീപിന്റെ സിനിമകളെക്കുറിച്ച് അന്വേഷിക്കുന്നത്.
അതേസമയം, പള്‍സര്‍ സുനി നിരന്തരം വിളിച്ച നാലു നമ്പറുകളില്‍ ഒന്ന് ദിലീപിന്റേതാണെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് വരെയുള്ള കോളുകളാണ് പരിശോധിച്ചത്. ഇതില്‍ മൂന്നെണ്ണം ദിലീപ്, നാദിര്‍ഷ, അപ്പുണി എന്നിവരുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാലാമത്തെ നമ്പറിനെക്കുറിച്ച് പരിശോധന തുടരുകയാണ്.
ദിലീപും നാദിര്‍ഷായും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചും ജയിലില്‍ നിന്നുള്ള ഫോണ്‍ കോളുകളെക്കുറിച്ചുമുള്ള മൊഴികളിലാണ് വൈരുദ്ധ്യം കണ്ടെത്തിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദവും പൊലീസ് വിശ്വസിച്ചിട്ടില്ല.
അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു റൂറല്‍ എസ്പി എ.വി ജോര്‍ജ് വ്യക്തമാക്കി. ആരെയൊക്കെ ചോദ്യം ചെയ്യുമെന്ന് വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണത്തില്‍ നല്ല പുരോഗതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here