എസ്‌ഐയായി സിഐ തകര്‍ത്തഭിനയിച്ചു; കൈയ്യടി നേടി കാസര്‍ക്കോട് സിഐ സിബി കെ തോമസ്

ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് ലഭിച്ച കൈയ്യടി സിനിമയില്‍ പൊലീസുകാരായി അഭിനയിച്ച യഥാര്‍ത്ഥ പൊലീസുകാര്‍ക്കുള്ളതാണ്. പൊലീസ് സ്റ്റേഷനില്‍ ഒരു സിസിടിവി വെച്ച പോലെയാണ് അത്രയും സ്വാഭാവികമായി പൊലീസുകാര്‍ സിനിമയില്‍ പ്രകടനം കാഴ്ച്ച വെച്ചത്.

പൊലീസുകാരുടെയും കള്ളന്റെയും കളവിനിരയായവരുടെയും ജീവിതത്തിന്റെ ധര്‍മ്മസങ്കടങ്ങളാണ് ദിലീഷ് പോത്തന്‍ കാസര്‍ക്കോടിന്റെ മണ്ണില്‍ ഏറ്റവും സരസമായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യിലുമൂടെ ദൃശ്യവത്കരിച്ചത്. പ്രേക്ഷകര്‍ അതില്‍ ഏറ്റവും നെഞ്ചേറ്റിയ ഒരാളാണ് ചിത്രത്തിലെ ഷേണി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയി അഭിനയിച്ച നടന്‍.

കാസര്‍ഗോഡ് ആദൂര്‍ സിഐ ആയ സിബി തോമസാണ് സിനിമയില്‍ എസ്‌ഐയായി അസാധാരണ പ്രകടനം നടത്തി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചത്. കാക്കിക്കുള്ളിലെ ഈ കലാകാരനെ സിനിമ പുറത്തിറങ്ങിയ ശേഷമാണ് പലരും തിരിച്ചറിയുന്നത്. സിനിമ മോഹിച്ചു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന സിബി പിന്നീട് അഭിനയ മോഹം ഉപേക്ഷിച്ചാണ് യൂണിഫോമണിഞ്ഞത്.

മനസ്സില്‍ നിറയെ സിനിമാ മോഹമുണ്ടെങ്കിലും ആദ്യമായാണ് സിബി ക്യാമറക്കു മുന്നില്‍ എത്തുന്നത്. ദേഷ്യപ്പെട്ടും ഒപ്പം തന്നെ മിതത്വം പാലിച്ചുമുള്ള ഈ എസ്‌ഐ മലയാള സിനിമ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വ്യത്യസ്ഥമായൊരു പൊലീസ് കഥാപാത്രമാണ്. സിബി തോമസ് മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള 23 പൊലീസുകാരും ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.

കാസര്‍ക്കോട് ജില്ലയില്‍ നിന്ന് മാത്രമായി ഏഴ് പൊലീസുകാര്‍ക്കാണ് സിനിമയില്‍ അവസരം ലഭിച്ചത്. ശുപാര്‍ശകളോ മുന്‍പരിചയങ്ങളോ ഉപയോഗപ്പെടുത്താതെ നടന്മാര്‍ക്കു വേണ്ടിയുള്ള ഓഡിയേഷനില്‍ നിന്നാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍ ഇവരെ കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like