
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി പുറത്ത്. ദിലീപിനും നാദിര്‍ഷയ്ക്കുമെതിരെയാണ് ജിന്‍സന്‍ നല്‍കിയിരിക്കുന്ന മൊഴി.
നടി കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ എന്തോ സാധനം കൊടുത്തെന്ന് പള്‍സര്‍ സുനി പറയുന്നത് കേട്ടെന്ന് ജിന്‍സന്‍ മൊഴി നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് ഇതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ദിലീപിനും നാദിര്‍ഷയ്ക്കും അപ്പുണിയ്ക്കും കേസില്‍ പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിന്‍സന്‍ പറഞ്ഞു. പള്‍സര്‍ സുനിക്ക് ഇരുവരുമായും ചില ഇടപാടുകളുണ്ടായിരുന്നുവെന്നും ജിന്‍സന്റെ മൊഴിയില്‍ പറയുന്നു. സുനി ജയിലില്‍ നിന്ന് ആദ്യം വിളിച്ചത് വിഷ്ണുവിനെയാണെന്നും ജിന്‍സന്‍ വെളിപ്പെടുത്തി. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസമാണ് ജിന്‍സന്റെ മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും. ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി, നടി കാവ്യ, കാവ്യയുടെ അമ്മ ശ്യാമള, മലയാളത്തിലെ പ്രമുഖ നടി എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചോദ്യ ചെയ്യല്‍ എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്വേഷണസംഘത്തിന് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആറു പേരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനോട് പള്‍സര്‍ സുനിയുടെ സുഹൃത്ത് ഒരു മാഡത്തെ പറ്റി സൂചിപ്പിച്ചിരുന്നു. ഇത് കാവ്യയാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കാവ്യയുടെ കാക്കനാടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലും കാവ്യയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വഷണം കാവ്യയുടെ അമ്മ ശ്യാമളയിലേക്കും നീങ്ങുന്നത്.
ദിലീപും നാദിര്‍ഷായും നേരത്തെ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചും ജയിലില്‍ നിന്നുള്ള ഫോണ്‍ കോളുകളെക്കുറിച്ചുമുള്ള മൊഴികളിലാണ് വൈരുദ്ധ്യം കണ്ടെത്തിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദവും പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു റൂറല്‍ എസ്പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here