സെന്‍കുമാറിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി തച്ചങ്കരി; സെന്‍കുമാര്‍ പൊലീസ് സേനയുടെ അന്തസ് കളയുന്നു

കൊല്ലം: തനിക്കെതിരായ പരാമര്‍ശങ്ങളില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. പൊലീസ് സേനയുടെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച ശേഷം പുറത്തിറങ്ങി സേനയുടെ അന്തസ് കളയുന്ന പ്രസ്താവന നടത്തരുതെന്നും തച്ചങ്കരി പറഞ്ഞു.

പൊലീസ് അസോസിയേഷന്‍ കൊല്ലം റൂറല്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു നിലവിലെ വിവാദങ്ങള്‍ക്ക് തച്ചങ്കരി മറുപടി പറഞ്ഞ് തുടങ്ങിയത്.

പൊലീസ് സേനയുടെ എല്ലാ സൗകരങ്ങളും അനുഭവിച്ചശേഷം പുറത്തിറങ്ങി സേനയുടെ അന്തസ് കളയുന്ന പ്രസ്താവന ആരും നടത്തരുത്. ഒരു വ്യക്തിയല്ല കേരള പൊലീസ്, വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പറഞ്ഞ് വിഴുപ്പ് അലക്കരുത്, തനിക്ക് ശേഷം പ്രളയം എന്ന് ആരും കരുതുകയും ചെയ്യരുത്-തച്ചങ്കരി പ്രതികരിച്ചു.

പുസ്തകമെഴുതി പ്രശസ്തരാവാനാണ് ചിലരുടെ ശ്രമമെന്നും ജേക്കബ് തോമസിനെ വിമര്‍ശിച്ചു കൊണ്ട് തച്ചങ്കരി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ടിപി സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കിയത്.

നടനും സംവിധായകനുമായ നാദിര്‍ഷയെ കൊച്ചിയിലെത്തി കണ്ടിരുന്നോ എന്ന ചോദ്യത്തിന് ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here