ബല്‍റാമിന്റെ വക ഒരു കോടിയുടെ ‘ചാവുകുഴികള്‍’; പ്രതിഷേധം ശക്തമാകുന്നു

പാലക്കാട്: തൃത്താല എംഎല്‍എ വി ടി ബല്‍റാമിന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ മുടക്കില്‍ ആരംഭിച്ച സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മരണക്കുഴികളാകുന്നു.

ബല്‍റാമിന്റെ നിയോജകമണ്ഡലത്തിലെ നാഗലശ്ശേരി ഗവ ഹൈസ്‌ക്കൂളിലെ സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാത്ത കെട്ടിടനിര്‍മ്മാണമാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഭീതിയുണര്‍ത്തുന്നത്. സ്‌കൂളില്‍ കെട്ടിടനിര്‍മ്മാണത്തിനായി എടുത്ത ഒരാള്‍പ്പൊക്കത്തിലധികമുളള കുഴിയില്‍ വീണ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം രക്ഷപെട്ടത് തലനാരിഴക്കായിരുന്നു. കുഴിയില്‍ വീണ ഒന്നാം ക്‌ളാസുകാരനെ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ സാഹിസകമായി രക്ഷപെടുത്തിയതിനാലാണ് വന്‍ ദുരന്തം വഴിമാറിയത്.

നിര്‍മ്മാണവുമായി ബന്ധപെട്ട ഏജന്‍സിയുടെ അനാസ്ഥയും പലതവണ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത എംഎല്‍എ വി ടി ബല്‍റാമിന്റെ അലംഭാവവുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. തുക അനുവദിച്ച് നിലവിലെ ഏജന്‍സി രണ്ട് വര്‍ഷമായി നിര്‍മ്മാണം ഏറ്റെടുത്തിട്ടെങ്കിലും പണി ആരംഭിക്കാതെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി നിവേദനങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഏജന്‍സി പണി ആരംഭിച്ചു. എംഎല്‍എയുടെ പ്രത്യേക താത്പര്യത്തിണാലാണ് നിര്‍മ്മാണം ഈ ഏജന്‍സിക്ക് നല്‍കിയതെന്നും ആരോപണമുണ്ട്.

എന്നാല്‍ യാതൊരുവിധ സുരക്ഷാമുന്‍കരുതലും ഇല്ലാതെ പില്ലര്‍ വാര്‍ക്കാന്‍ കുഴിയെടുത്ത് ഏജന്‍സി പണി വീണ്ടും മുടക്കുകയായിരുന്നു. നിര്‍മാണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ സ്‌കൂള്‍ പിടിഎയും അധ്യാപകരും നാട്ടുകാരും നിരന്തരമായി അപകടാവസ്ഥ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ഈ കുഴിയില്‍ വെള്ളം നിറഞ്ഞാണ് ഒന്നാം ക്‌ളാസ് വിദ്യാര്‍ഥി അപകടത്തില്‍പെട്ടത്. എല്‍പി ക്‌ളാസുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയത്തില്‍ ഒരു മറയുമില്ലാതെ വലിയ കുഴികിടക്കുന്നതിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തി സുരക്ഷിതവേലികെട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും അതും ചെവിക്കൊണ്ടില്ല.

സ്‌കൂള്‍ മുറ്റത്ത് ഇത്തരം കുഴികള്‍ നികത്താതെ തുടര്‍ന്നാല്‍ അപകടം തുടര്‍ക്കഥയാകുമെന്ന് സ്‌കൂള്‍ പിടിഎയും അധ്യാപകരും വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. കെട്ടിട നിര്‍മാണം ഏറ്റെടുത്ത ഏജന്‍സിയുടെ ഭാഗത്തുനിന്നും ഗുരുതരമായ അലംഭാവം ഉള്ളതായി സ്‌കൂള്‍ പിടിഎയും അധ്യാപകരും നിരവധി തവണ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെട്ടില്ല.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സ്ഥലത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം വിപി റജീന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. വികസനമെന്ന് കൊട്ടിഘോഷിച്ച് അപകടകെണികളും മരണക്കുഴികളുമാകുന്ന തൃത്താലയിലെ ഒട്ടനവധി വിഷയങ്ങള്‍ എംഎല്‍എ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നത് റജീന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News