ഇന്ന് ജൂലൈ 4; ഭാഗ്യദിനം ദിലീപിന് വിധിദിനമാകുമോ?

കൊച്ചി: ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപായും മലയാള സിനിമയിലെ ജനപ്രീയനായകനുമായി മാറിയ താരം ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിനില്‍ക്കുമ്പോള്‍ താരത്തിന്റെ മേല്‍ കുരുക്ക് മുറുകുകയാണ്. പള്‍സര്‍ സുനിയെന്ന മുഖ്യപ്രതി ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ ഉണ്ടായിരുന്നെന്ന കണ്ടെത്തലുകളും ദിലീപിലേക്കുള്ള അന്വേഷണത്തിന്റെ ചവിട്ടുപടിയായാണ് വിലയിരുത്തപ്പെടുന്നത്.

അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവുകളും കണ്ടെത്തലുകളും പുറത്തുവന്ന സ്ഥിതിക്ക് ജൂലൈ നാല് ഏറെ നിര്‍ണായകമായ ദിവസമായി മാറിയിരിക്കുകയാണ്. നാളെ പ്രമുഖരുടെ അറസ്റ്റും ചോദ്യം ചെയ്യലുമടക്കമുള്ള നിര്‍ണായക സംഭവവികാസങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.

ദിലീപ് മലയാളക്കരയില്‍ പ്രശസ്തമായ കാലം മുതല്‍ തന്നെ ചലച്ചിത്ര ലോകത്ത് ജൂലൈ നാല് ഏറെ ചര്‍ച്ചയായിട്ടുള്ള ദിനമാണ്. ദിലീപിന്റെ ഭാഗ്യദിനമായാണ് ഈ ദിവസം ഇക്കാലമത്രയും കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കുറി താരത്തിന്റെ വിധി ദിനമാകുമോയെന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

വിശ്വാസങ്ങളിലും അന്ധവിശ്വാസങ്ങളിലും ഭാഗ്യദൗര്‍ഭാഗ്യനിര്‍ണ്ണയങ്ങളുടെ വിളനിലയങ്ങളിലൊന്നാണ് ചലച്ചിത്രലോകം. ലോക്കേഷനുകളും ഭാഗ്യ നായികമാരും നായകന്‍മാരും സംവിധായകന്‍മാരും അതിഥി താരങ്ങളും റിലീസിനും ദിവസങ്ങളുമെല്ലാം ഇത്തരത്തിലുണ്ട്. ദിലീപിനെ സംബന്ധിച്ചടുത്തോളം റിലീസിംഗ് തിയതിയാണ് അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

ദിലീപ് അഭിനയിച്ച ചിത്രങ്ങളില്‍ ബമ്പര്‍ ഹിറ്റായ ചിത്രങ്ങളില്‍ മൂന്നെണ്ണം ജൂലായ് നാലിനാണ് റിലീസായത് എന്നതുകൊണ്ട് ദിലീപിന്റെ ഭാഗ്യദിനം ജൂലായ് നാലാണെന്ന് താരവും സിനിമാ അണിയറക്കാരും വിശ്വസിച്ചിരുന്നു. ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ എന്നീ ചിത്രങ്ങള്‍ ജൂലൈ നാലിന് തീയറ്ററുകളിലെത്തി പ്രകമ്പനം സൃഷ്ടിച്ചിട്ടുണ്ട്.

ഭാഗ്യദിനത്തിന്റെ പേരില്‍ സിനിമയിറക്കാന്‍ പോലും ദിലീപ് മടികാട്ടിയിട്ടില്ലെന്നതും ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. ജൂലായ് നാലിന് റിലീസ് ചെയ്ത ജൂലൈ 4 പക്ഷെ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞതിനും ചരിത്രം സാക്ഷിയായി. ജോഷി സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞെങ്കിലും ദിലീപിന്റെ ഭാഗ്യദിനത്തിന് മാറ്റമുണ്ടായിരുന്നില്ല.

ഏറ്റവും ഒടുവില്‍ ദിലീപ് വേഷമിട്ട രാമലീല പോലും ജൂലായ് നാലിന് തീയറ്ററുകളിലെത്തിക്കാനായിരുന്നു ശ്രമം. പലകാരണള്‍ കൊണ്ടും റിലീസിംഗ് തിയതി മാറിയപ്പോള്‍ ചിത്രം എന്ന് തീയറ്ററുകളിലെത്തുമെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. രാമലീല എന്തായാലും ജൂലൈ നാലിന് എത്തില്ലെന്നുറപ്പായതോടെ ഇക്കുറി ദിലീപിന്റെ വില്ലന്‍ ദിവസമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് പോലും ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജുലൈ നാല് താരത്തിന്റെ വിധിദിനമാകുമോയെന്നതും കാത്തിരുന്ന് കാണേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News