മഹാത്മാ ഗാന്ധിയുടെ അജ്ഞാതമായിരുന്ന പെന്‍സില്‍ ചിത്രം ലേലത്തിന്

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ പെന്‍സില്‍ ചിത്രം ലേലത്തിന്. ചിത്രത്തില്‍ ഗാന്ധിജിയുടെ കൈയെഴുത്തും ഒപ്പുമുണ്ട്. ചരിത്രത്തിന് ഇതുവരെ അജ്ഞാതമായിരുന്ന ചിത്രമാണിത്.

ഈ മാസം 11ന് ലണ്ടനിലാണ് ലേലം. ആറു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.

ജോണ്‍ ഹെന്‍ട്രി ആംഷെവിറ്റ്‌സ് എന്ന ചിത്രകാരന്‍ വരച്ച ചിത്രമാണിത്. 1931 ല്‍ വട്ടമേശ സമ്മേളനത്തിനായി ഗാന്ധിജി ലണ്ടനിലെത്തിയപ്പോഴാണ് അദ്ദേഹത്തെ മുന്നിലിരുത്തി ആംഷെവിറ്റ്‌സ് ചിത്രം വരച്ചത്. ഇത് പിന്നീട് ഒരു സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു.

സത്യമാണ് ദൈവം, എന്നെഴുതി ഗാന്ധിജിതന്നെ 1931 ഡിസംബര്‍ നാല് എന്ന തീയതി വച്ച് ചിത്രത്തില്‍ കൈയൊപ്പു ചാര്‍ത്തിയിട്ടുമുണ്ട്. തറയിലിരുന്ന് അതീവ ശ്രദ്ധയോടെ പുസ്തകത്തിലെഴുതുന്ന ഗാന്ധിജിയാണ് ചിത്രത്തില്‍.

ഈ ചിത്രത്തിനൊപ്പം ഗാന്ധിജി എഴുതിയ കത്തുകളും ലേലത്തിനെത്തും. സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്‍ ശരത് ചന്ദ്ര ബോസിന് എഴുതിയ കത്തുകളാണിവ. 1940കളുടെ പകുതി മുതലുള്ള കത്തുകളാണിവ. അന്ത്യകാലത്ത് ഗാന്ധിജി അനുഭവിച്ച രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഇവയില്‍ കാണാമത്രെ. കത്തുകള്‍ക്ക് ചുരുങ്ങിയത് 28 ലക്ഷം രൂപയെങ്കിലും ലഭിക്കും എന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here