സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍; ജയിലില്‍ സുരക്ഷിതന്‍, ജാമ്യാപേക്ഷ നല്‍കില്ല; സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് ആവര്‍ത്തിച്ച് ആളൂരും

കൊച്ചി: ജയിലിന് പുറത്തിറങ്ങുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞെന്ന് അഭിഭാഷകന്‍ ബി.എ ആളൂര്‍. സുനി ജയിലില്‍ സുരക്ഷിതനാണ്. എന്നാല്‍ പുറത്തിറങ്ങിയാല്‍ ചില ഭാഗങ്ങളില്‍ നിന്നും ഭീഷണികളുണ്ട്. അതുകൊണ്ടാണ് ജാമ്യാപേക്ഷ നല്‍കേണ്ടെന്ന് സുനി പറഞ്ഞതെന്നും ആളൂര്‍ വ്യക്തമാക്കി. സുനിയെ ഹാജരാക്കിയ അങ്കമാലി കോടതിയില്‍ എത്തിയപ്പോഴാണ് ആളൂരിന്റെ പ്രതികരണം.

സുനി തനിക്ക് വക്കാലത്ത് ഒപ്പിട്ടു തരുകയും ജയില്‍ സൂപ്രണ്ട് വഴി ഈ അപേക്ഷ കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നേരത്തെ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ താന്‍ ഹാജരാകുന്നതില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ട് സുനിക്ക് വേണ്ടി താന്‍ തന്നെ ഹാജരാകുമെന്നും ആളൂര്‍ പറഞ്ഞു.

അതേസമയം, കേസില്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന സുനിയുടെ വെളിപ്പെടുത്തല്‍ ആളൂരും ആവര്‍ത്തിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയ തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചിരുന്നു.

പിടിയിലായ ശേഷം പള്‍സര്‍ സുനിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു. വസ്ത്രത്തിലെ ശരീരസ്രവവും സുനിയുടെ രക്തവും തമ്മില്‍ ക്രോസ്മാച്ച് ചെയ്തതോടെ കേസില്‍ പള്‍സര്‍ സുനി ശിക്ഷിക്കുമെന്ന് ഉറപ്പായതായി നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here