ദിലീപിന്റെ ആറു സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങി; കോടികള്‍ മുടക്കിയ നിര്‍മാതാക്കള്‍ ആശങ്കയില്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് ആരോപണവിധേയനായതോടെ ഷൂട്ടിംഗ് ആരംഭിച്ച ദിലീപ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ആശങ്കയില്‍. ചോദ്യംചെയ്യലും കൊച്ചി വിട്ടുപോകരുതെന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശവും കാരണം ചിത്രീകരണം തുടങ്ങിയ പല സിനിമകളിലും ദിലീപിന് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ, ക്രൈംബ്രാഞ്ച് അന്വേഷണ സംഘം 12 മണിക്കൂറിലധികം ചോദ്യംചെയ്യലിന് വിധേയനാക്കിയിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇനിയും ചോദ്യംചെയ്യല്‍ ഉണ്ടാകുമെന്നും അതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൊച്ചി വിട്ടുപോകരുതെന്നും പൊലീസ് ദീലിപിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രീകരണം ആരംഭിച്ച ദിലീപ് ചിത്രങ്ങളുടെ ഭാവി ആശങ്കയിലും അനിശ്ചിതത്വത്തിലും ആയത്.

പലചിത്രങ്ങളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്താണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടാതെ പല ചിത്രങ്ങള്‍ക്കും ദിലീപ് നല്‍കിയിട്ടുള്ള കോള്‍ ഷീറ്റും കഴിഞ്ഞിരിക്കുന്നു. ഇതിനു പുറമെ ദിലീപ് നായകനാകുന്ന ബിഗ് ബഡ് ജറ്റ് ചിത്രമായ രാമലീലയുടെ റീലീസിംഗ് തീയതി മാറ്റി മാറ്റി പോകുകയാണ്. രാമലീല തീയേറ്ററുകളില്‍ എത്തിയാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമോ എന്ന പേടിയിലാണ് നിര്‍മ്മാതാവും വിതരണക്കാരനും.

ക്യാമറാമാന്‍ രാമചന്ദ്രബാബു സംവിധായകനാകുന്ന പ്രൊഫ.ഡിങ്കന്റെ ആദ്യഷെഡ്യൂള്‍ തിരുവനന്തപുരത്തും മറ്റ് സ്ഥലങ്ങളിലുമായി പൂര്‍ത്തിയാക്കി നിര്‍മ്മാതാക്കളും അണിയറപ്രവര്‍ത്തകരും ദിലീപിനെ കാത്തിരിക്കുന്നു. രതീഷ് അമ്പാട് ഒരുക്കുന്ന കമ്മാരസംഭവം പുറത്തിറക്കാനാകുമോ എന്ന ആശങ്ക നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്. അതുപൊലെ ഷൂട്ടിംഗ് ആരംഭിക്കേണ്ട ഞാനാരാ മോന്‍, പറക്കും തളിക, കോമഡി കിംഗ്, സദ്ദാംശിവന്‍ എന്നിവയുടെ കാര്യം എന്താകുമെന്ന ഭീതിയിലാണ് ഇതിന്റെയൊക്കെ നിര്‍മ്മാതാക്കള്‍.

പല ദിലീപ് ചിത്രങ്ങളിലും നായികമാരുടെയും അന്യഭാഷയില്‍ നിന്നുള്ള നടീനടന്‍മാരുടെയും കോള്‍ഷീറ്റ് തീര്‍ന്നിരിക്കുകയാണ്. ദിലീപ് കൃത്യസമയത്ത് ഷൂട്ടിംഗിന് എത്താത്തതിനാല്‍ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ അവര്‍ നേരത്തെ കരാര്‍ ചെയ്ത ചിത്രങ്ങളിലെ ലൊക്കേഷനിലേക്ക് പോയിരിക്കുകയാണ്.

ഇങ്ങനെ നോക്കുമ്പോള്‍ നിശ്ചയിച്ച പ്രകാരം ഒരു ദിലീപ് ചിത്രവും പൂര്‍ത്തിയാകില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. മറ്റ് ചില ചിത്രങ്ങളുടെ ഡബ്ബിംഗും പൂര്‍ത്തിയായിട്ടില്ല. ദിലീപുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ നിര്‍മ്മാതാവിന്റെ സ്വപ്നങ്ങള്‍ തകരുന്നതോടൊപ്പം കോടികളുടെ നഷ്ടവും ആയിരിക്കും ഇവര്‍ക്ക് ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News