‘അവിടെ പാലുകാച്ചല്‍, ഇവിടെ താലികെട്ട്’; മോദി നിരോധിച്ച ബീഫ് വില്‍ക്കാന്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സഹകരണസംഘം

തൃശൂര്‍: ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് കൊലപാതക പരമ്പര നടത്തുന്ന ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ ബീഫ് വില്‍ക്കാന്‍ സഹകരണസംഘം ആരംഭിച്ചു. തൃശൂരിലാണ് മാട്ടിറച്ചി മത്സ്യ ഉല്‍പ്പാദന, വില്‍പ്പന മാര്‍ക്കറ്റിങ് സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയത്. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷ്, സെക്രട്ടറി ടി എസ് ഉല്ലാസ്ബാബു, ബിഎംഎസ് ജില്ലാ സെക്രട്ടറി പിവി സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം തുടങ്ങിയത്. മത്സ്യമാംസം ഉല്‍പ്പാദനത്തിനും അതിന്റെ സംസ്‌കരണം, വിപണനം, വ്യാപാരം എന്നിവയ്ക്കുമാണ് സംഘം പ്രവര്‍ത്തിക്കുക. തിരുവമ്പാടി ക്ഷേത്രത്തിനുസമീപം ഓഫീസ് തുറന്നു.

ഭക്ഷ്യ ഉപയോഗത്തിന് യോജിച്ച മാടുകളെ വളര്‍ത്തല്‍, അംഗങ്ങള്‍ക്കും പൊതുജനത്തിനുമായി അവയുടെ കച്ചവട വിതരണം, മൊത്ത ചില്ലറ മാംസ വില്‍പ്പനശാല, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവ ലക്ഷ്യമായി ബൈലോയില്‍ പറയുന്നത്. കൂടാതെ, മത്സ്യമാംസങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കോള്‍ഡ് സ്റ്റോറേജ് ആരംഭിക്കാനും മാംസാഅവശിഷ്ടം കാര്‍ഷികാവശ്യത്തിന് വളം ഉല്‍പ്പാദിപ്പിക്കാനും മാംസം, മത്സ്യം, മുട്ട എന്നിവ സംസ്‌കരിച്ച് ഭക്ഷണ വിഭവങ്ങളാക്കാനും പദ്ധതിയുണ്ട്.

മാട്ടിറച്ചിയും മത്സ്യവും സംസ്‌കരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന മാംസ മത്സ്യവിഭവം മൊത്തമായും ചില്ലറയായും സംഘം വില്‍പ്പന നടത്തും. ഇതിനായി മൊബൈല്‍ സ്റ്റോറും റസ്റ്റോറന്റുകളും തുടങ്ങും. ഉത്സവസീസണില്‍ ഉപഭോക്താക്കള്‍ക്ക് മത്സ്യമാംസ വിതരണത്തിനും സംവിധാനമൊരുക്കുന്നുണ്ട്.

ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ് ചീഫ് പ്രൊമോട്ടറായാണ് മാട്ടിറച്ചി വില്‍പ്പനസംഘം രജിസ്റ്റര്‍ ചെയ്തത്. സഹകരണ രജിസ്ട്രാറുടെ അനുമതിയോടെ, തെരഞ്ഞെടുപ്പ് നടത്തി നാഗേഷിനെ പ്രസിഡന്റായും ടി എസ് ഉല്ലാസ് ബാബുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നേതാക്കളായ വിബി പ്രീതി, ഷണ്‍മുഖന്‍, പിവി സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ഭരണസമിതി അംഗങ്ങള്‍.

മാടുകളുടെയും മാംസത്തിന്റെയും വില്‍പ്പന നടത്തിതിന്റെ പേരില്‍ മോഡി അധികാരത്തിലേറിയശേഷം ഹിന്ദുതീവ്രവാദികള്‍ ഇതുവരെ 23 പേരെ കൊന്നു. മാടുകളെ വളര്‍ത്തിയും വിറ്റും ജീവിതോപാധി കണ്ടെത്തിയ ന്യൂനപക്ഷങ്ങളേയും ദളിതരേയും കൊന്നുതള്ളുന്ന സംഘപരിവാരങ്ങളുടെ ജില്ലാ നേതൃത്വമാണ് മാടുകളെ വളര്‍ത്താനും കച്ചവടം നടത്താനും ഇറച്ചിവില്‍പ്പനയ്ക്കുമായി സഹകരണസംഘം തുടങ്ങിയത്. പുതിയ സഹകരണസംഘം ബിജെപി നേതാക്കളുടെ കച്ചവടതാല്‍പ്പര്യം മാത്രമാണെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News