ഒരു ഗോവിനോ ഒരു ചണ്ഡാളനോ കൂടുതല്‍ തൂക്കം; ഒരു അധ്യാപികയുടെ അനുഭവം

സര്‍വ്വേ ഓഫ് ഇന്ത്യ വീണ്ടും പഠിപ്പിച്ചപ്പോള്‍ മനസ്സ് വല്ലാതെ ഉലഞ്ഞു പോയി. ‘ഒരു ഗോവിനോ ഒരു ചണ്ഡാളനോ കൂടുതല്‍ തൂക്കം.’ എന്ന ചോദ്യം ഒരു വലിയ പ്രകമ്പനമായി മാറി. കോളേജ് അധ്യാപിക ബെറ്റിമോള്‍ മാത്യു പങ്കിടുന്ന ക്ലാസ് അനുഭവം. ‘2012 മുതല്‍ ഡിഗ്രി ക്ലാസില്‍ എം.ബി മനോജിന്റെ ‘സര്‍വ്വേ ഓഫ് ഇന്ത്യ’പഠിപ്പിക്കുന്നു. 2007 ലോ മറ്റോ എഴുതിയതാണത്. കവിതയുടെ രൂപത്തെ സംബന്ധിക്കുന്ന ചില കടുംപിടുത്തങ്ങള്‍ സൂക്ഷിക്കുന്ന ആളാകയാല്‍, ‘ഇത് എഴുത്താണ്, കാര്യം പറച്ചിലാണ്’ എന്നുവരെ പറഞ്ഞ സന്ദര്‍ഭങ്ങളുമുണ്ട്.

‘പക്ഷേ ഇന്ന് സര്‍വ്വേ ഓഫ് ഇന്ത്യ വീണ്ടും പഠിപ്പിച്ചപ്പോള്‍ മനസ്സ് വല്ലാതെ ഉലഞ്ഞു പോയി… ‘ഒരു ഗോവിനോ ഒരു ചണ്ഡാളനോ കൂടുതല്‍ തൂക്കം.?’ എന്ന ചോദ്യം ഒരു വലിയ പ്രകമ്പനമായി മാറി..

‘മരക്കൊമ്പില്‍ തൂങ്ങിയാടുന്ന കുട്ടികള്‍.., തെരുവില്‍ വേട്ടയാടപ്പെടുന്ന ദലിതുകള്‍. ഏതു നിമിഷവും ആരാലും ആക്രമിക്കപ്പെടാവുന്ന അരക്ഷിതജന്മങ്ങള്‍. ഫെയ്‌സ് ബുക്ക് ചങ്ങാതി പഴനിസ്വാമിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. അവക്കെല്ലാം മീതെ ഉയരുന്ന ഗോസംരക്ഷകരുടെ ആക്രോശങ്ങള്‍.

‘ഒരു പശുവിന്റെ ശവശരീരം ഉണ്ടെങ്കില്‍ ഒരു പ്രദേശമാകെ തീയെരിക്കാനതു മതി.

‘അതേ,

‘ഒരു ഗോവിനോ ഒരു ചണ്ഡാളനോ കൂടുതല്‍ തൂക്കം. പേടിക്കേണ്ട ചത്ത ഒരു ഗോവിന് ജീവനുള്ള അഞ്ചു ചണ്ഡാളന്റെ തൂക്കം. ജീവനുള്ള ഒരു ഗോവിന് ഇരുപത്തഞ്ചുകോടി ചണ്ഡാളന്‍മാരുടെ തൂക്കം..’

സര്‍വ്വേ ഓഫ് ഇന്ത്യ

എം.ബി.മനോജ്
ഒരു ഗോവിനോ
ഒരു ചണ്ഡാളനോ കൂടുതല്‍ തൂക്കം
ഒന്നാമന്‍ പുല്ലുതിന്നുന്നു
രണ്ടാമന്‍ തിന്നപ്പെടുന്നു
കാടി കുടിക്കുന്നു
കുടിക്കപ്പെടുന്നു
പോസ്റ്റര്‍ കടലാസ്, ബീഡിസിഗരറ്റ്കുറ്റി
പഴങ്ങളുടെ തൊലി
തിന്നുന്നു, തിന്നപ്പെടുന്നു
പരസ്യമായി മുള്ളാം
വിശിഷ്ടം
തൂറാം
അതിവിശിഷ്ടം
പരമരഹസ്യമായി
മുള്ളപ്പെടാം
തൂറപ്പെടാം
കുടിക്കപ്പെടുകയും, തീറ്റിക്കപ്പെടുകയും ചെയ്യാം
വിശുദ്ധമായി കറക്കുന്നു
മക്കള്‍ കുടിക്കുന്നു
അശുദ്ധമായി കറക്കപ്പെടുന്നു
അകിട് ഒട്ടും വരെ കടിച്ച് വലിക്കപ്പെടുന്നു
പാലു, തൈരു
നെയ്യ്, വെണ്ണ
മണ്ണ്, കല്ല്
കമ്പി, സിമന്റ്
ഒന്നാമന്‍
എവിടെയും കയറിച്ചെല്ലാം
രണ്ടാമന്‍
എവിടെയും കറങ്ങിത്തിരിയാം
പഴമ്പുരാണങ്ങളിലുറങ്ങുന്നവന്‍
പഴമ്പായിലും
ഒരു ഗോവിനോ
ഒരു ചണ്ഡാളനോ കൂടുതല്‍ തൂക്കം
പേടിക്കേണ്ട
ചത്ത ഒരു ഗോവിനു
ജീവനുള്ള
അഞ്ച് ചണ്ഡാളന്റെ തൂക്കം
ജീവനുള്ള ഗോവിനു
ഇരുപത്തഞ്ചുകോടി ചണ്ഡാളന്മാരുടെ തൂക്കം?.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here