ജുനൈദിന്റെ ഘാതകര്‍ എവിടെ? ഇനാം പ്രഖ്യാപിച്ചിട്ടും അന്വേഷണം ഇരുട്ടില്‍; പൊലീസ് രേഖാചിത്രം തയ്യാറാക്കുന്നു

ഹരിയാന: ബീഫ് കൈവശം വച്ചെന്നാരോപിച്ച് പതിനാറുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇനാം പ്രഖ്യാപിച്ചിട്ടും പൊലീസിന് കൊലപാതകികളെ കണ്ടെത്താനായില്ല. കൊലപാതകികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന സാക്ഷികള്‍ക്ക് ഒരുലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും മുന്നോട്ടുവന്നില്ല. പിന്നീട് പ്രതിഫലം രണ്ടുലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയാന്‍ സഹായിക്കുന്നയാളെ സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഹരിയാന റെയില്‍വേ പൊലീസിലെ ഡപ്യൂട്ടി സൂപ്രണ്ട് മോഹിന്ദര്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജുനൈദിനെയും സഹോദരങ്ങളെയും മര്‍ദ്ദിച്ചെങ്കിലും തങ്ങളല്ല കൊലപാതകം നടത്തിയതെന്നാണ് പിടിയാലായവരുടെ വാദം.

ഇതിനിടെ ജുനൈദിന്റെ വസ്ത്രത്തില്‍ കണ്ട രക്തക്കറയുടെ സാമ്പിള്‍ ഡി.എന്‍.എ പരിശോധനക്ക് അയച്ചു. പരിശോധനാഫലം അക്രമിയെ കുറിച്ചുള്ള സൂചന നല്‍കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സാക്ഷികള്‍ എത്താതായതൊടെ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുകയാണ് പൊലീസ്. ജുനൈദിന്റെ സഹോദരങ്ങള്‍ നല്‍കുന്ന വിവരങ്ങ!ളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്.

ജൂണ്‍ 22നാണ് ഡല്‍ഹി മധുര ട്രെയിനില്‍ വെച്ച് ജുനൈദ് കൊല്ലപ്പെട്ടത്. ഈദിനുള്ള ഷോപ്പിംഗ് കഴിഞ്ഞ് ദില്ലിയില്‍ നിന്ന് ഹരിയാനയിലേയ്ക്ക് മടങ്ങുകയായിരുന്നു ജുനൈദും സഹോദരങ്ങളും. ബീഫ് കൈവശം വച്ചിട്ടുണ്ടെന്ന ആരോപിച്ചാണ് 16 കാരനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജുനൈദിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സഹോദരന്മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ പെരുന്നാളിന് കുടുംബാംഗങ്ങള്‍ക്കൊപ്പം വസ്ത്രം വാങ്ങി മടങ്ങവേ വര്‍ഗീയ ആക്രമണം ഉണ്ടാവുകയായിരുന്നെന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News