ഇതുതാന്‍ടാ കളക്ടര്‍; ആദിവാസികുടിലില്‍ നിന്ന് കളക്ടറായ യുവാവിന്റെ പ്രവൃത്തികള്‍ക്ക് രാജ്യത്തിന്റെ കൈയ്യടി

ഇംഫാല്‍: കലക്ടറായ ആദിവാസി യുവാവ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. ജില്ലയിലെ കുട്ടികള്‍ക്കായ് തന്റെ കളക്ടറേറ്റ് വസതി തുറന്നു കൊടുത്തു കൊണ്ടാണ് മണിപ്പൂരിലെ ടെയ്‌മെങ്‌ലോങ് ജില്ലാ കലക്ടര്‍ ആംസ്‌ട്രോങ് പാമെ വീണ്ടും വാര്‍ത്തകളിലിടം നേടുന്നത്. അഞ്ച് മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളിലെ 10 കുട്ടികളെ വീതം എല്ലാ വെള്ളിയാഴ്ചയും കളക്ടറേറ്റിലേക്ക് ക്ഷണിക്കും.

കുട്ടികള്‍ക്ക് ജില്ലാ ആസ്ഥാനത്തിന്റെ പ്രവര്‍ത്തന രീതികള്‍ നിരീക്ഷച്ചറിയാന്‍ അവസരം നല്‍കുകയാണ് കലക്ടറുടെ പുതിയ പദ്ധതി. ഉച്ചയൂണ്‍ ഇടവേളയിലാണ് കുട്ടികള്‍ക്കവസരം ലഭിക്കുന്നത്.’തങ്ങളുടെ സ്വപ്‌നങ്ങളും കാഴ്ച്ചപ്പാടുകളും കുട്ടികള്‍ക്ക് പങ്കുവെക്കാം. മാത്രമല്ല ഭാവിയില്‍ തങ്ങളുടെ ജില്ല എങ്ങനെയായിരിക്കണമെന്ന ആശയങ്ങളും അവര്‍ക്ക് പങ്കു വെക്കാം,’ കളക്ടര്‍ പറയുന്നു.

സര്‍ക്കാരിന്റെ സഹായമില്ലാതെ ജനങ്ങളെ സംഘടിപ്പിച്ച് റോഡുണ്ടാക്കിയതാണ് ടെയ്‌മെങ്‌ലോങ് ജില്ലാ കളക്ടറെ മണിപ്പൂരിന്റെ ജനപ്രിയ ഉദ്യോഗസ്ഥനാക്കിയത്. വണ്ടിയോടാത്ത നാട്ടിലേക്കാണ് ആംസ്‌ട്രോങ് പാമെ 100കിമി റോഡ് വെട്ടിയത്.സെമ നാഗ ഗോത്രത്തില്‍ നിന്ന് ഐഎഎസ് നേടുന്ന ആദ്യത്തെയാളാണ് പാമെ. രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലകളില്‍ ഒന്നായ ടെയ്‌മെങ്‌ലോങാണ് അദ്ദേഹത്തിന്റെ ജന്‍മദേശവും കര്‍മ്മ മണ്ഡലവും.

ഉപരിപഠനം സെന്റ് സ്റ്റീഫന്‍ കോളേജിലായിരുന്നെങ്കിലും ആ കോളേജോളം അദ്ദേഹത്തെ എത്തിച്ച യാത്രയില്‍ അദ്ദേഹം അതിജീവിച്ച പ്രതിസന്ധികള്‍ കടുപ്പമേറിയവയാണ്. കാല്‍നടയായി നടന്നാണ് അദ്ദേഹം സ്‌കൂളില്‍ പോയിരുന്നത്. വൈദ്യുതിയോ റോഡുകളോ പോലുമില്ലാത്ത കുഗ്രാമത്തിലെ 8 മക്കളില്‍ അഞ്ചാമനായിരുന്നു പാമെ. ടെയ്‌മെങ്‌ലോങില്‍ ഉദ്യോഗസ്ഥനായി ആദ്യം എത്തിയപ്പോള്‍ അദ്ദേഹം ചെയ്തത് 100 കിമി നീളമുള്ള ഒരു റോഡുണ്ടാക്കുന്ന പ്രവൃത്തിയായിരുന്നു.

ഇവിടങ്ങളില്‍ റോഡില്ലാത്തതിനാല്‍ കാല്‍നടയായി മുള മഞ്ചലിലാണ് രോഗികളെയും മറ്റ് ആശുപത്രികളിലെത്തിക്കാറ്. പലരും യാത്രാ മധ്യേ മരിക്കുന്നതും പതിവായിരുന്നു. ഇതെല്ലാം കണ്ട് സഹികെട്ടാണ് സര്‍ക്കാരിന്റെ ഫണ്ടിനായി കാത്തു നില്‍ക്കാതെ ജനങ്ങളുടെ സംഘടിത ശക്തി ഉപയോഗപ്പെടുത്തി അദ്ദേഹം റോഡ് നിര്‍മ്മാണത്തിന് മുതിരുന്നത്.2012ല്‍ തുടങ്ങിയ ജനകീയ റോഡ് പദ്ധതി സ്വന്തം പോക്കറ്റില്‍ നിന്ന് നാല് ലക്ഷം രൂപ ചെലവഴിച്ചും സമൂഹ മാധ്യമങ്ങളിലൂടെ ഫണ്ട് തരപ്പെടുത്തിയുമാണ് പൂര്‍ത്തിയാക്കിയത്.റോഡിന്റെ തുടര്‍ച്ചയ്ക്കായി കുന്നു കീറുക വരെ ചെയ്തു. പക്ഷെ ഒരു വര്‍ഷം കൊണ്ട് 100കിമി പദ്ധതി പൂര്‍ത്തിയിക്കാനായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here