ആകാശമധ്യേ റോളര്‍ കോസ്റ്ററിന്റെ പ്രവര്‍ത്തനം നിലച്ചു; ജീവനുവേണ്ടി വിലപിക്കുന്ന യാത്രക്കാരുടെ വീഡിയോ പുറത്ത്

ഇംഗ്ലണ്ടിലെ മൈല്‍ ഓക്കിലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വാരാന്ത്യം ആഘോഷിക്കാനെത്തിയവരാണ് ഡ്രേറ്റണ്‍ മാനര്‍ തീം പാര്‍ക്കിലെ ജി ഫോഴ്‌സ് എന്ന സാഹസിക യന്ത്രചക്രത്തില്‍ കുടുങ്ങിയത്. ഭൂനിരപ്പില്‍ നിന്ന് ഏറ്റവും ഉയരെയെത്തിയപ്പോഴാണ് റോളര്‍ കോസ്റ്റര്‍ പണിമുടക്കിയത്.

കോസ്റ്ററില്‍ തലകുത്തനെ അകപ്പെട്ട സഞ്ചാരികള്‍ ജീവനുവേണ്ടി നിലവിളിക്കുന്ന 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സഞ്ചാരികള്‍ക്ക് എത്രനേരം ഈ അവസ്ഥയില്‍ കഴിയേണ്ടിവന്നുവെന്ന് വ്യക്തമല്ല. ഭാഗ്യവശാല്‍ അപകടങ്ങളൊന്നുമുണ്ടായില്ല.

എന്നാല്‍ ആകാശമധ്യേ തലകീഴായി കിടക്കേണ്ടി വന്നത് കുട്ടികള്‍ക്ക് ആഘാതമായെന്നും ഡോക്ടറുടെ പരിചരണം തേടുകയാണെന്നും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഡെന്‍ ഹ്യൂസ് ട്വിറ്ററില്‍ കുറിച്ചു.

2005ലാണ് ഈ പാര്‍ക്കില്‍ ജി ഫോഴ്‌സ് സ്ഥാപിക്കുന്നത്. 45 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ റൈഡിനെ ജീവിതകാലത്തെ സാഹസികാനുഭവം എന്നാണ് വിശേഷിപ്പിക്കുന്നത്.

റോളര്‍ കോസ്റ്ററില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ പാര്‍ക്ക് അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ വിനോദ സഞ്ചാരികളെ സുരക്ഷിതമായി നിലത്തിറക്കിയതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News