കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം ചെറുക്കും; സിപിഐ എം

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സമാധാനയോഗത്തിന് ശേഷം കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ തുടരുന്നത് അത്യന്തം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സിപിഐ എം എരഞ്ഞോളി കുന്നുമ്മല്‍ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ തൊഴിലാളിയുമായ കുണ്ടഞ്ചേരി ശ്രീജനെ ഇന്നലെ പട്ടാാപ്പകലാണ് വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ്ശ്രമിച്ചത്. വെട്ടേറ്റ് അതീവഗുരുതരാവസ്ഥയില്‍ ശ്രീജന്‍ കോഴിക്കോട് ആശുപത്രിയില്‍ കഴിയുകയാണ്.

മുഖ്യമന്ത്രി വിളിച്ചുചേര്‍ച്ച സമാധാനയോഗത്തിന് ശേഷം തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഇരുപത്തിയഞ്ചിലധികം പാര്‍ടി പ്രവര്‍ത്തകരെയും അനുഭാവികളെയുമാണ് ആര്‍എസ്എസ.സംഘം അക്രമിച്ച് പരുക്കേല്‍പ്പിച്ചത്. കണ്ണൂര്‍ ജില്ലയില്‍ വീടുകള്‍ക്ക് നേരെയും, കടകള്‍ക്ക് നേരെയും, പാര്‍ടി ഓഫീസുകള്‍ക്ക് നേരെയും, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ബോംബാക്രമണങ്ങളുള്‍പ്പെടെയുള്ള നിരവധി അക്രമങ്ങളാണ് ആര്‍എസ്എസ. നടത്തിയത്.

ചുവന്ന വസ്ത്രം ധരിച്ച് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. പെരുന്നാള്‍ നിസ്‌ക്കാരത്തിന് പോയ മുസ്‌ളീം സഹോദരന്മാരെ അക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ആര്‍എസ്എസ. നടത്തുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം ഒന്നാകെ മുന്നോട്ടുവരണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

രാജ്യത്താകമാനം വര്‍ഗ്ഗീയധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ കേരളത്തിലും നടപ്പിലാക്കാന്‍ ആര്‍എസ്എസ്ശ്രമിക്കുന്നുണ്ട്. വ്യാപകമായ അക്രമം സംഘടിപ്പിച്ച് എല്‍.ഡി.എഫ്. ഗവമെന്റിനെ ദുര്‍ബലപ്പെടുത്താനാകുമോയെന്നാണ് ആര്‍എസ്എസ്ശ്രമം നടത്തുന്നത്.

ഒരുഭാഗത്ത് സിപിഐ എം അക്രമം സംഘടിപ്പിക്കുന്നുവെന്ന് ദേശവ്യാപകമായി പ്രചരിപ്പിക്കുകയും മറുഭാഗത്ത് സിപിഐ എം പ്രവര്‍ത്തകരെ ഏകപക്ഷീയമായി കടന്നാക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ആര്‍.എസ്.എസും ബി.ജെ.പിയും സ്വീകരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ. നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളെ അപലപിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News