തിരുവനന്തപുരം: ചരക്ക് സേവന നികുതിയുടെ മറവില്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി. സംസ്ഥാനത്തുടനീളം ലീഗല്‍ മെട്രോളജി വകുപ്പ് വ്യാപകമായ പരിശോധന നടത്തി. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ വിലക്കൂടുതല്‍ വാങ്ങിയവ അടക്കം നൂറോളം സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇരുനൂറോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്, മാള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജിഎസ്ടിയുടെ പേരില്‍ എംആര്‍പിയേക്കാള്‍ കൂടുതല്‍ തുക വാങ്ങുന്നതായി ശ്രദ്ധയില്‍പെട്ടു. ചിലയിടങ്ങളില്‍ പായ്ക്കറ്റുകളില്‍ പഴയ നിരക്കിന്റേത് മാറ്റി കൂടിയ നിരക്കിന്റെ സ്റ്റിക്കര്‍ പതിച്ചതായും കണ്ടെത്തി. പത്തനംതിട്ടയില്‍ പായ്ക്കറ്റിലുള്ള കോഴി ഇറച്ചിക്ക് ജിഎസ്ടിയുടെ പേരില്‍ അധിക തുക ഇടാക്കി. ഭക്ഷ്യധാന്യങ്ങള്‍ക്കടക്കം വിലകൂട്ടാനുള്ള ശ്രമങ്ങളും കണ്ടെത്തി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളായാണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി കണ്‍ട്രോളര്‍മാര്‍ നേതൃത്വം നല്‍കി. പരിശോധന തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നികുതിവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജുവഴിയോ നേരിട്ടോ പരാതി നല്‍കാം.