മോദി ഇസ്രയേലില്‍; ആയുധങ്ങള്‍ വാങ്ങിക്കൂട്ടും; പലസ്തീനിനെ തള്ളിയ മോദി ലോകനേതാവെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഇന്ത്യയുടെ പരമ്പരാഗത പലസ്തീന്‍ അനുകൂലനിലപാട് ചവറ്റുകുട്ടയില്‍ തള്ളി ഇസ്രയേലിന്റെ ആതിഥ്യം സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സയണിസ്റ്റ് സൗഹൃദം ഊട്ടിയുറപ്പിക്കുന്നു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദി പലസ്തീന്‍ മേഖലയിലേക്ക് തിരിഞ്ഞുനോക്കാതെ മൂന്നു ദിവസം ഇസ്രയേലില്‍ ചെലവഴിക്കും.

ആയിരക്കണക്കിനു പലസ്തീന്‍കാരെ കൊന്നൊടുക്കിയ സയണിസ്റ്റ് നിലപാടിന് മോദി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ഇക്കാലമത്രയും കാത്തുസൂക്ഷിച്ച അന്തസ്സുറ്റ വിദേശനയമാണ് തച്ചുടയ്ക്കപ്പടുന്നത്. പലസ്തീന്‍ ജനതയ്‌ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളോട് കണ്ണടയ്ക്കുന്ന ഏഷ്യന്‍ രാഷ്ട്രനേതാവെന്ന നിലയില്‍ മോദിക്ക് വന്‍ വരവേല്‍പ്പാണ് ഇസ്രയേല്‍ ഒരുക്കിയത്.

പ്രോട്ടോക്കോള്‍ മാറ്റിവച്ച് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും മുതിര്‍ന്ന മന്ത്രിമാരും മോദിയെ സ്വീകരിക്കാന്‍ ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തിലെത്തി. മോദിക്കൊപ്പം മൂന്നുദിവസവും എല്ലാ പരിപാടികളിലും നെതന്യാഹു പങ്കെടുക്കും. വിമാനത്താവളത്തില്‍ മൂന്നുതവണ കെട്ടിപ്പുണര്‍ന്ന ഇരുനേതാക്കളും ‘സുഹൃത്ത്’ എന്നാണ് അഭിസംബോധന ചെയ്തത്.

മോദിയെ ലോകനേതാവെന്ന് വിശേഷിപ്പിച്ച നെതന്യാഹു 70 വര്‍ഷമായി രാഷ്ട്രം നിങ്ങളെ കാത്തിരിക്കുകയായിരുന്നുവെന്നും പറഞ്ഞു. ഇന്ത്യഇസ്രയേല്‍ സഹകരണത്തിന് ആകാശംപോലും അതിരല്ലെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. മുന്‍ ധാരണകള്‍ തിരുത്തുന്ന അതീവ പ്രാധാന്യമുള്ള സന്ദര്‍ശനമാണ് തന്റേതെന്നു പറഞ്ഞ മോദി, ഇസ്രയേലുമായി ഏറ്റവുമടുത്ത ബന്ധം സൃഷ്ടിക്കാനാണ് എത്തിയതെന്നും വ്യക്തമാക്കി.

ജറുസലേമിനടത്തുള്ള പൂക്കൃഷിത്തോട്ടം ഇരുനേതാക്കളും സന്ദര്‍ശിച്ചു. ഇസ്രയേലി ജമന്തിപ്പൂവിന് മോഡിയെന്ന് പേരിട്ടു. വൈകിട്ട് ഹോളോകോസ്റ്റ് മ്യൂസിയം സന്ദര്‍ശിച്ച മോദി നെതന്യാഹുവിന്റെ അത്താഴവിരുന്നിലും പങ്കെടുത്തു. ബുധനാഴ്ച ഇസ്രയേല്‍ പ്രസിഡന്റ് റ്യൂവെന്‍ റിവ്‌ലിനെ സന്ദര്‍ശിക്കുന്ന മോദി ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ലോകനേതാക്കള്‍ നിഷ്പക്ഷത പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പലസ്തീനിലെ റമല്ലയും സന്ദര്‍ശിക്കാറുണ്ട്. മോദി ആ പതിവും തെറ്റിച്ച് ഇസ്രയേലിനോടുള്ള കൂറ് വ്യക്തമാക്കുകയാണ്. യുഎന്‍ പ്രമേയങ്ങളെയും അന്താരാഷ്ട്ര ധാരണകളെയും ലംഘിച്ച് പലസ്തീനെ ചോരയില്‍മുക്കുന്ന അധിനിവേശരാഷ്ട്രത്തെ അകറ്റിനിര്‍ത്തുന്നതിനാലാണ് 70 വര്‍ഷമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിപോലും ഇസ്രയേലിന്റെ ആതിഥ്യം സ്വീകരിക്കാതിരുന്നത്.

‘പ്രത്യേക പലസ്തീന്‍രാഷ്ട്രം’ എന്ന പലസ്തീന്‍കാരുടെ ആവശ്യത്തെ ഇന്ത്യ പിന്തുണച്ചിട്ടുമുണ്ട്. ഈ നിലപാടിനെ എതിര്‍ക്കുകയും സയണിസ്റ്റ് ഹിംസയില്‍ ആവേശംകൊള്ളുകയും ചെയ്യുന്ന ആര്‍എസ്എസിന്റെ വിദേശനയം നടപ്പാക്കുകയുമാണ് മോദി. ഇന്ത്യ ഇന്ധനത്തിനായി ആശ്രയിക്കുന്ന അറബ് രാഷ്ട്രങ്ങളെ മോഡിയുടെ ‘ഇസ്രയേലിപ്രേമം’ പ്രകോപിപ്പിക്കും.

അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി നരസിംഹറാവു സര്‍ക്കാരാണ് 1992ല്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. ഇതിന്റെ 25ാം വര്‍ഷത്തിലാണ് മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. ഭീകരതയ്‌ക്കെതിരെ മുന്നണിയുണ്ടാക്കാനെന്ന പേരില്‍ ഇസ്രയേലില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് മോദിയുടെ സന്ദര്‍ശനലക്ഷ്യം.

ഡ്രോണുകളും റഡാറുകളും സൈബര്‍ സുരക്ഷാ സാങ്കേതികവിദ്യയും ഇസ്രയേല്‍ കമ്പനികളില്‍നിന്ന് വാങ്ങാന്‍ കരാറൊപ്പിടും. മൂന്ന് ദിവസത്തെ ഇസ്രയേലി സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന മോഡി അവിടെനിന്ന് പന്ത്രണ്ടാം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജര്‍മനിയിലേക്ക് പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News