ആരാധകര്‍ ആവേശത്തില്‍; പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇന്ന് തുടങ്ങും; താരരാജാവിന്റെ ഒടിയന്റെ പൂജയും അല്‍പ്പസമയത്തിനകം

തിരുവനന്തപുരം: മലയാള ചലച്ചിത്രലോകം ഉറ്റുനോക്കിയ ആ സുവര്‍ണ മുഹൂര്‍ത്തം സമാഗതമായിരിക്കുകയാണ്. താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നായകനായെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതപ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. ആ ആവേശം യാഥാര്‍ത്ഥ്യത്തിലേക്കടുക്കുകയാണ്.


പ്രണവ് മോഹന്‍ ലാല്‍ ജീത്തു ജോസഫ് ചിത്രത്തിന് ഇന്ന് തുടക്കമാകും. മലയാള സിനിമയിലെ താര സംഹാസനത്തിലേക്ക് പ്രണവ് നടന്നടക്കുമോയെന്ന ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹന്‍ലാലിന്റെ സിനിമാ പ്രവേശനം കൂടിയാകുന്നതോടെ ഇനി ചര്‍ച്ചകള്‍ ഗംഭീരമാകും.

താരപുത്രന്മാരുടെ വരവ് ഇഷ്ടപ്പെടുന്നവരും കാത്തിരിക്കുന്നവരുമാണ് ചലച്ചിത്രപ്രേമികള്‍. പൃഥിരാജ് മുതല്‍ ദുല്‍ക്കര്‍ സല്‍മാനും കാളിദാസ് ജയറാമും വരെ അവര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചവരാണ്. അതിനിടിയിലാണ് ആരാധകരുടെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തുന്ന കാര്യം ഉറപ്പായത്. കേള്‍ക്കേണ്ട താമസം മലയാളി അത് ആഘോഷമാക്കി.

ഒടുവില്‍ ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. നായകനായെത്തുന്ന ആദ്യ ചിത്രത്തിന് മേക്കപ്പിടുമ്പോള്‍ തൊട്ടപ്പുറത്ത് അച്ഛനും മലയാളത്തിന്റെ മഹാനടനുമായ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് തുടക്കമിടുമെന്നതും പ്രണവിന്റെ ജീവിതത്തില്‍ അവിസ്മരണീയമാകും.


മോഹന്‍ലാല്‍ ചിത്രമായ ഒടിയനും, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ അരങ്ങേറ്റ ചിത്രത്തിനും തുടക്കമാകുന്നത്. രണ്ട് സിനിമകളുടെയും ചിത്രീകരണം തിരുവനന്തപുരത്താണ് തുടങ്ങുക. ഒടിയന്‍ മോഷന്‍ പോസ്റ്റര്‍ ഇന്നലെ പുറത്തുവന്നിരുന്നു. വി എ ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രധാനമായും ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. പൂജയാണ് തിരുവനന്തപുരത്ത് നടക്കുക.


2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്.


സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനത്തില്‍ മിന്നി മറയുന്ന കുഞ്ഞന്‍ വേഷത്തിലും പ്രണവ് എത്തിയിട്ടുണ്ട്. സിനിമ ലോകത്ത് നിന്നും പൂര്‍ണമായി മാറി നിന്ന പ്രണവ് തിരിച്ചെത്തിയത് സഹസംവിധായകനായിട്ടാണ്. ജീത്തു ജോസഫിന്റെ രണ്ടു ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം എന്ന ചിത്രത്തിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലുമാണ് സഹസംവിധായകനായത്.


മോഹന്‍ലാല്‍ ചിത്രം ഒടിയന്റെയും പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെയും നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. താജ് ഹോട്ടലില്‍ വെച്ചാണ് പൂജ നടക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍ ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. പ്രകാശ് രാജ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നത്.പ്രണവ് നായകനായെത്തുന്ന ചിത്രം ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതയിരിക്കുമെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here