മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ആ രഹസ്യം പുറത്തായി

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നവാഗതനായ ശ്രീകുമാര്‍ മേനോന് ഡേറ്റ് നല്‍കിയതുമുതല്‍ ചലച്ചിത്ര ലോകത്ത് ആകാംഷയാണ്. ഒന്നും കാണാതെ മോഹന്‍ലാല്‍ പുതുമുഖ സംവിധായകന് ഡേറ്റ് നല്‍കില്ലെന്ന് ഏവര്‍ക്കുമറിയാം. രണ്ടു ചിത്രങ്ങള്‍ക്കാണ് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. ഒന്ന് ഒടിയനാണെങ്കില്‍ മറ്റൊന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ വിസ്മയമാകാന്‍ തയ്യാറെടുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴമാണ്.


രണ്ടാമൂഴത്തിന്റെ ചര്‍ച്ചകള്‍ക്കിടയില്‍ വേണ്ടത്ര പ്രാധാന്യം ഒടിയന്‍ ചിത്രത്തിന് കിട്ടിയോ എന്നു സംശയമുണ്ട്. ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴത്തിന് മുന്‍പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. നവാഗതസംവിധായകര്‍ക്ക് പൊതുവെ ഡേറ്റ് കൊടുക്കാത്ത മോഹന്‍ലാല്‍ ശ്രീകുമാറില്‍ വെച്ചിരിക്കുന്ന വിശ്വസവും കരുതലും എത്രത്തോളം വലുതായിരിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രത്തിന്റെ ബഡ്ജറ്റ്. ഏതാണ്ട് 40 കോടി രൂപയോളം മുടക്കി ത്രീഡി ആയിട്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

40 കോടിയുടെ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഒടിയന്‍ എന്താണെന്നും ആരാണെന്നുമുള്ളതാണ് പീന്നീടുള്ള ചര്‍ച്ചകള്‍. വിശ്വസിക്കാന്‍ പറ്റാവുന്നതും അല്ലാത്തതുമായ ആയിരക്കണക്കിന് മിത്തുകളാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലുള്ളത്. പരശുരാമന്റെ മഴു മുതല്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയതുവരെയുള്ള മിത്തുകളില്‍ പലതും കേരളക്കരയ്ക്ക് അഭിമാനിക്കാവുന്നതുമാണ്.

അത്തരത്തില്‍ 20ാം നൂറ്റാണ്ടിന്റെ മധ്യം വരെ നിലനിന്നതെന്ന് വിശ്വസിക്കുന്ന മിത്തുകളിലൊന്നാണ് ഒടിവിദ്യ. ഇത് പ്രയോഗിക്കുന്നവനാണ് ഒടിയന്‍. ഒടിവിദ്യ അറിയാവുന്നവര്‍ പ്രധാനമായും ജാതിവ്യവസ്ഥയിലെ കീഴ്ജാതിക്കാരായ പാണര്‍, പുലയര്‍, പനയര്‍, വേലര്‍ എന്നീ വിഭാഗങ്ങള്‍ ആണ്. ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുക എന്നതൊക്കെയാണ് ഒടിവിദ്യയുടെ പ്രധാന സവിശേഷതയായി വാഴ്ത്തപ്പെടുന്നത്.

എതിരാളിയുടെ ജന്മനക്ഷത്രം, ജന്മദിനം, ജനിച്ച വര്‍ഷം എന്നിവ ഹൃദിസ്ഥമാക്കി ഒടിവിദ്യയിലെ പ്രധാനമന്ത്രങ്ങള്‍ ഉച്ചരിച്ചു കൊണ്ട് ഒരു ചുള്ളിക്കമ്പു ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ല് തകര്‍ന്നു അയാള്‍ മരിക്കുമെന്നാണ് 1930 കള്‍ വരെ നിലനിന്ന ഒടിവിദ്യയെന്ന മിത്ത്. അത്ര ശക്തമായ മാന്ത്രികവിദ്യയാണ് ഒടിയന്മാര്‍ പ്രയോഗിക്കുന്നതെന്ന് സാരം.

ഒടിവിദ്യ സ്വായത്തമാക്കിയ ഒരാള്‍ക്ക് നായായോ നരിയായോ, പോത്തായോ, കല്ലായോ മാറാന്‍ സാധിക്കുമെന്നും വിശ്വാസമുണ്ട്. കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് മുന്‍പില്‍ ഇത്തരത്തില്‍ വേഷം മാറി എത്തി അവരെ കീഴ്‌പെടുത്തുമ്പോള്‍ വേഗത കൊണ്ടു തന്നെ എതിരാളിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചു കഴിഞ്ഞിരിക്കും.

ഏത് രൂപത്തിലാണോ മാറുന്നത് ആ രൂപത്തില്‍ തന്നെ മന്ത്രം ചൊല്ലി പഴയ രൂപത്തിലാവാനും സാധിക്കുമെന്നും വിശ്വാസമുണ്ട്. രൂപം മാറിയെത്തുന്ന ഒടിയന്മാരെ തിരിച്ചറിയാനും മാര്‍ഗമുണ്ട്. എന്തെങ്കിലും വൈകല്യം, അല്ലെങ്കില്‍ ഒരടയാളം ഒടിയന്‍ ബാക്കി വെക്കും. ഒടിവിദ്യ ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലെങ്കിലും കേരളത്തിലും അന്ധ്രയിലുമായി ഏതാണ്ട് അമ്പതിലധികം ആളുകള്‍ ഇപ്പോഴും ഒടിവിദ്യ അറിയാവുന്നവരായി ജീവിച്ചിരിപ്പുണ്ടെന്നാണ്.

ഏതായാലും മോഹന്‍ലാല്‍ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ വിജയവും നിലവാരവും ആയിരിക്കും രണ്ടാമൂഴത്തിന്റെ ഭാവി നിര്‍ണയിക്കുക. അവിശ്വസനീയമായ ഈ മിത്തിനെ എങ്ങനെ അവതരിപ്പിച്ചു വിജയിപ്പിക്കും എന്നതാണ് സംവിധായകനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി. അഭിനയത്തിന്റെ കാര്യത്തില്‍ മഹാനടനെ ലഭിച്ചത് അദ്ദേഹത്തിനും അനുഗ്രഹമാകുമെന്നതില്‍ തര്‍ക്കമുണ്ടാകില്ല. 3ഡി സാങ്കേതികവിദ്യയില്‍ റിലീസ് ആകുകയാണെങ്കില്‍ ഒന്നാംതരം വിശ്വല്‍ ട്രീറ്റ്‌മെന്റ് തന്നെ പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News