കെ സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസ്; കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമം തെറ്റെന്നും ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ കെ സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. സുധാകരനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്തെത്തിയതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും നിലപാട് വ്യക്തമാക്കിയത്.

വിഷയത്തില്‍ സുധാകരന് തെറ്റ് പറ്റിയെന്ന് ഡീന്‍ വ്യക്തമാക്കി. കോടതിയിലിരിക്കുന്ന കേസില്‍ സുധാകരന്റെ ഇടപെടല്‍ അംഗീകരിക്കാനാകില്ല. തെറ്റ് പറ്റിയിട്ടില്ലെന്ന സുധാകരന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഡീന്‍ വിവരിച്ചു. സുധാകരന്റെ ഇടപെടല്‍ കെ പി സി സി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാമ്പാടി നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമവുമായി സുധാകരന്‍ കോളേജ് അധികൃതരുമായി ഇന്നലെ രാത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് സുധാകരന്‍ രംഗത്തെത്തിയത്.

കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും സുധാകരനും ചേര്‍ന്ന് ഷഹീറിന്റെ കുടുംബവുമായും ചര്‍ച്ച നടത്തിയിരുന്നു. പാലക്കാട് ചെര്‍പ്പളശ്ശേരിയിലാണ് രഹസ്യയോഗം നടത്തിയത്. ഷഹീറിനെ മര്‍ദ്ദിച്ച കേസ് പിന്‍വലിക്കണമെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റെന്നും മഹിജ കൂട്ടിച്ചേര്‍ത്തു. തന്റെ മകന് നീതി കിട്ടാന്‍ വേണ്ടി നിലയുറപ്പിക്കേണ്ട് രാഷ്ട്രീയ നേതാക്കള്‍ ഇപ്പോള്‍ കുറ്റക്കാര്‍ക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു.
സുധാകരന്‍ കോടതിയല്ലെന്നും ഇത്തരത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് എന്തിന് വേണ്ടിയാണെന്നും മഹിജ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here