എജി ഓഫീസിലെ ജോലി പോയെങ്കിലെന്ത്? ബ്ലാസ്റ്റേഴ്‌സിന്റെ സുവര്‍ണതാരം സികെ വിനീത് പാടത്ത് പണിത്തിരക്കിലാണ്

കണ്ണൂര്‍: എജീസ് ഓഫീസിലെ ജോലി നഷ്ടപ്പെട്ടാലും ഇനി തിരിച്ചു കിട്ടിയാലും സികെ വിനീതിന് വയലിലെ ജോലിക്ക് ഒരു കുറവുമില്ല. മൈതാനത്ത് അനുഭവിക്കുന്ന അതേ അദ്ധ്വനവും ആനന്ദവും തന്നെയാണ് മലയാളിയുടെ ഈ സൂപ്പര്‍ താരത്തിന് വയലിലെ ചെളിയിലിറങ്ങുമ്പോഴും.

ഐഎസ്എല്ലോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത് ഫുട്‌ബോള്‍ പ്രിയരുടെ ആരാധനാപാത്രമായത്. കഴിഞ്ഞ സീസണില്‍കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈ ഇന്ത്യന്‍ താരമാണ്.

എജി ഓഫീസിലായിരുന്നു വിനീതിന് ജോലി. മതിയായ ഹാജരില്ലാത്തതിനാല്‍ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത് ഇപ്പോഴും ഒരു വിവാദ വിഷയമാണ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി തീരുമാനങ്ങളൊന്നുമായില്ലെങ്കിലും താന്‍ സന്തുഷ്ടനാണെന്നും പാടത്ത് പിടിപ്പത് പണിയുണ്ടെന്നും അറിയിച്ചിരിക്കുകയാണ് സികെ വിനീത്.

വിനീതിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പാടത്ത് ട്രില്ലര്‍ കൊണ്ട് നിലമുഴുന്ന ഫോട്ടോയും കുറിപ്പും പ്രത്യക്ഷപ്പെട്ടത്. ‘ഒരു മകനെന്ന നിലയില്‍ അച്ഛനെ സഹായിക്കുന്നത് എന്റെ കര്‍ത്തവ്യമാണ്. വീട്ടില്‍ വരാന്‍ സമയം കിട്ടുമ്പോഴെല്ലാം പാടത്ത് ഞാന്‍ അച്ഛനെ സഹായിക്കാറുണ്ട്’ ഫോട്ടോയുടെ മേല്‍ക്കുറിപ്പായി സികെ വിനീത് ഫേസ് ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു.

കണ്ണൂരിലെ വിനീതിന്റെ വീടിന്റെ തൊട്ടുമുമ്പില്‍ തന്നെയാണ് പാടം. നാല് വര്‍ഷം മുമ്പ് ജോലിയില്‍ നിന്നും വിരമിച്ച വിനീതിന്റെ അച്ഛന്‍ ഇപ്പോള്‍ സദാ സമയവും പാടത്താണ്. നാട്ടില്‍ വന്നാല്‍ സൂപ്പര്‍ താരവും ഇപ്പോള്‍ പാടത്തെ പണിത്തിരക്കിലായിട്ടുണ്ട്. ക‍ഴിഞ്ഞ ആ‍ഴ്ച ഇട്ട പോസ്റ്റില്‍ ആരാധകരുടെ കമന്‍റുകളുടെ പ്രവാഹമാണിപ്പോ‍ഴും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News