ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്തമല്ല; അവസരം തേടിയെത്തുന്നവര്‍ക്ക് ലൈംഗിക പീഡനം; ഇന്നസെന്റിന് വനിതാ സംഘടനയുടെ വിയോജനക്കുറിപ്പ്

തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തിയാണ് ചലച്ചിത്ര മേഖലയിലെ വനിതാ സംഘടന രംഗത്തെത്തിയത്. വിമെന്‍ ഇന്‍ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്ത ഇന്നസെന്റിന്റെ നിലപാടിനെ അവര്‍ സ്വാഗതം ചെയ്തു.

എന്നാല്‍ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ ഇന്നസെന്റ് നടത്തിയ പ്രസ്താവനയോട് തീര്‍ത്തും വിയോജിക്കുന്നതായും വനിതാ സംഘടന വ്യക്തമാക്കി. നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതായും അവര്‍ ചൂണ്ടികാട്ടി. ഇത്തരം വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത കാട്ടണമെന്നും WCC ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വനിതാ സംഘടനയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം
വിമെന്‍ ഇന്‍ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങള്‍ തീര്‍ത്തും വിയോജിക്കുന്നു.നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്..സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതും മേല്‍ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്. എന്തിന് ,ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമ’ങ്ങളുമായി പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത്താകണമെന്ന് WCC ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News