വൈക്കം മുഹമ്മദ് ബഷീര്‍ ഒരോര്‍മ്മ; മലയാളത്തിന്റെ സാഹിത്യസുല്‍ത്താന്‍ വിട പറഞ്ഞിട്ട് 23 വര്‍ഷങ്ങള്‍

ആരോ വായിച്ചു പാതി നിവര്‍ത്തിവെച്ച ചെറുകഥ പോലെയായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്ത് ജീവിതം. വീണ്ടും വായിക്കാനായി മറക്കാതെ മാറ്റിവെച്ച ഒരേടുപോലെ എക്കാലത്തും ആരാലും വായിക്കാന്‍ പ്രേരിപ്പിക്കുന്ന/പ്രേരിപ്പിക്കപ്പെടുന്ന എഴുത്തുകള്‍. അത്രത്തോളം തന്നെ ജീവതത്തോട് ഇഴപിരിഞ്ഞ് കിടക്കയാല്‍ കഥയെഴുത്തിനേയും കഥാകാരന്റെ ജീവിതത്തേയും വേര്‍തിരിച്ച് വായിക്കാനാവില്ല.

ഉപജീവനത്തിനായായിരുന്നു ആദ്യ കഥ എഴുതിയത്. കഥയെഴുതി നല്‍കിയാല്‍ കൂലി തരാമെന്ന ഉറപ്പില്‍. വീട്ടില്‍ നിന്നൊളിച്ചോടി സ്വാതന്ത്ര സമരത്തിലെ അലയാഴിയേലേക്ക് എടുത്തുചാടി ജയിലിലെത്തി തൂലിക കയ്യിലെടുത്തു തുടങ്ങി. പ്രഭയെന്ന തൂലികാ നാമത്തില്‍ ആക്കാലത്തെ യുവാക്കളെ തീവ്ര സ്വാതന്ത്ര്യ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന തീപ്പൊരി ലേഖനങ്ങള്‍. ലേഖനങ്ങള്‍ അച്ചടിച്ചു വന്ന ഉജ്ജീവനം വാരിക അടച്ചുപൂട്ടിയത് ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് വൈക്കം മുഹമ്മദ് ബഷീറിനെ കൈപിടിച്ചാനയിച്ചു.

ഉത്തരേന്ത്യയിലെ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും ഇടയില്‍ നിന്നും, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും ജീവിത പ്രയാണം. ഇന്ത്യയിലൊതുങ്ങാതെ അറബിനാടുകളിലും ആഫ്രിക്കയിലുമായി ആ സഞ്ചാരം നീണ്ടു. ഏകദേശം 9 വര്‍ഷത്തോളം. പല ജീവിതങ്ങള്‍ അടുത്തറിഞ്ഞു. വിവിധ ഭാഷകള്‍ കൈപിടിയിലൊതുക്കി. സന്തോഷവും സന്താപവും അനുഭവിച്ചറഞ്ഞു. ഉള്ളവനും ഇല്ലാത്തനും കൂട്ടുകാരായി. ഇവയെല്ലാം പില്‍ക്കാലത്തെ സാഹിത്യ ലോകത്തേക്കുള്ള ചുവടുവെയ്പ്പിന് മൂലധനമായി.

പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം അച്ചടിച്ചു വന്ന കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നുമുള്ള മറുപടി കേട്ട ബഷീര്‍ മറ്റു ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം. പിന്നീടിങ്ങോട്ട് മലയാളസാഹിത്യത്തില്‍ പകരക്കാരനില്ലാതെ നമ്മുടെയെല്ലാം പ്രിയ കഥാകാരനായി ജീവിച്ച് മരിച്ചു വൈക്കം മുഹമ്മദ് ബഷീര്‍. മണ്ണോടടിഞ്ഞ് 23 വര്‍ഷങ്ങള്‍ക്കിപ്പുറവും ബഷീര്‍ വായിക്കപ്പെടുമ്പോള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ പട്ടം തലയിലേറ്റാന്‍ മാത്രം പാകത്തില്‍ മറ്റൊരു പ്രതിഭാ പ്രഭാവം ഇന്നില്ലെന്ന വസ്തുത ബഷീറിന്റെ ചരമദിവസം ഓര്‍മ്മപ്പെടുത്തുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here