‘ഒരു ഉദ്യോഗസ്ഥന്‍ എവിടെയെങ്കിലും ഇരിക്കുന്നത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്ന് കരുതരുത്’; ശ്രീറാമിന്റെ സ്ഥലംമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി ഇ ചന്ദ്രശേഖരന്‍. ഒരു ഉദ്യോഗസ്ഥനെ പിന്തുണക്കുന്നു എന്ന് കരുതി എല്ലാ കാലത്തും അയാളെ ആ കസേരയില്‍ ഇരുത്തി കൊളളാമെന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ലെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥന്‍ എവിടെയെങ്കിലും ഇരിക്കുന്നത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്ന് കരുതരുതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

സ്ഥലം മാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പാര്‍ട്ടി അല്ല, സ്ഥലം മാറ്റം നടത്തുന്നതെന്നാണ് ചന്ദ്രശേഖരന്‍ നല്‍കിയ മറുപടി.

ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഏത് ഉദ്യോഗസ്ഥന്‍ വന്നാലും മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

‘അദ്ദേഹത്തിന് ഇനി പ്രമോഷനും മറ്റുമൊക്കെ വേണ്ടേ. ഇത് ഭരണപരമായ നടപടി മാത്രമാണ്. അതിനെ മറ്റൊരര്‍ത്ഥത്തില്‍ കാണേണ്ടതില്ല. റവന്യൂ വകുപ്പോ, മറ്റേതെങ്കിലും വകുപ്പോ പറഞ്ഞിട്ടല്ല ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റുന്നത്. കൈയേറ്റം ഒഴിപ്പിക്കുകയെന്നതാണ് ഇടതുസര്‍ക്കാരിന്റെ നയം. അത് തുടരുക തന്നെ ചെയ്യും. ഒരു ഉദ്യോഗസ്ഥനും എല്ലാക്കാലവും ഒരേ പദവിയില്‍ തന്നെ ഇരിക്കാനാവില്ല.’മന്ത്രി പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായാണ് ശ്രീറാമിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് ദേവികുളത്തിന്റെ ചുമതല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News