
തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തിലേക്ക് നായകനായി അരങ്ങേറുന്ന പ്രണവ് മോഹന്‍ലാലിന്റെ വാര്‍ത്തയ്‌ക്കൊപ്പം കൂടിയാണ് മലയാളികളിപ്പോള്‍. മലയാളത്തിന്റെ താര രാജക്കന്‍മാരില്‍ ഒരാളായ മോഹന്‍ലാലിന്റെ മകന്‍ നായകനാകുന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെയാണ് നടന്നത്. ജീത്തു ജോസഫ് ചിത്രത്തിന് ആദിയെന്ന് പേരിട്ടത് മലയാളക്കര ആഘോഷപൂര്‍വ്വം ഏറ്റെടുത്തു കഴിഞ്ഞു.
അതിനിടയിലാണ് മലയാളത്തിന്റെ മറ്റൊരു താര രാജാവായ മമ്മൂട്ടിയുടെ മകനും യുവതലമുറയുടെ പ്രിയ താരവുമായ ദുല്‍ഖര്‍ സല്‍മാന്‍ പ്രണവിന്റെ ചുവടുവെയ്പ്പിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഡി ക്യുവിന്റെ രംഗപ്രവേശനം.
ഏന്റെ പ്രിയപ്പെട്ട അപ്പുവിനെ ( പ്രണവിന്റെ വിളിപ്പേര്) ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ദുല്‍ഖറിന്റെ പോസ്റ്റ്. സ്റ്റണ്ട് സീനുകള്‍ക്കായി നീയെടുത്ത തയ്യാറെടുപ്പുകളും കഷ്ടപ്പാടുകളും അറിയാം. എല്ലാവര്‍ക്കും നിന്റെ കടന്നുവരവ് വളരെ മനോഹരമായൊരു അനുഭവമായിരിക്കും. നീ സിനിമയില്‍ തകര്‍ത്തു മുന്നേറുമെന്ന് നമുക്കെല്ലാം അറിയാം. ദുല്‍ഖര്‍ കുറിച്ചു. പ്രണവ് നായകനാകുന്ന ആദ്യ ചിത്രമായ ആദിയുടെ ടീസറും ഇതിനോടപ്പം ദുല്‍ക്കര്‍ പങ്കുവച്ചു.
2012ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ക്കര്‍ സിനിമയിലെത്തിയത്. 2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്.
സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനത്തില്‍ മിന്നി മറയുന്ന കുഞ്ഞന്‍ വേഷത്തിലും പ്രണവ് എത്തിയിട്ടുണ്ട്. സിനിമ ലോകത്ത് നിന്നും പൂര്‍ണമായി മാറി നിന്ന പ്രണവ് തിരിച്ചെത്തിയത് സഹസംവിധായകനായിട്ടാണ്. ജീത്തു ജോസഫിന്റെ രണ്ടു ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം എന്ന ചിത്രത്തിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലുമാണ് സഹസംവിധായകനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here