വ്യോമസേനയ്‌ക്കെതിരെ ഗുരുതര ആരോപണം; അച്ചുദേവിന്റെ മൃതദേഹത്തിന് പകരം എത്തിച്ചത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നുവെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: അസമിലെ തേസ്പൂരില്‍ സുഖോയ് വിമാനം തകര്‍ന്ന് മലയാളി പൈലറ്റ് മരിച്ച സംഭവത്തില്‍ ദൂരൂഹതയും അട്ടിമറിയുമുണ്ടെന്ന് മാതാപിതാക്കള്‍. മകന്‍ അച്ചുദേവിന്റെ മൃതദേഹം എന്ന നിലയില്‍ വ്യോമസേന കൊണ്ടുവന്നത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നുവെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നു.

അതേസമയം വിമാനം തകര്‍ന്ന് തങ്ങളുടെ മകന്‍ മരിച്ചുവെന്ന് പറയുന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്.

അസമിലെ തേസ്പൂരില്‍ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചസംഭവം നടന്നത് കഴിഞ്ഞ മെയ് 23 ആണ്. അന്ന് സുഖോയ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി പൈലറ്റായ തിരുവനന്തപുരം സ്വദേശി അച്ചുദേവും ഉണ്ടായിരുന്നു. മൃതദേഹത്തിനായുള്ള തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പറഞ്ഞ വ്യോമസേന അച്ചുദേവിന്റെ മാതാപിതാക്കളുടെ ആവശ്യപ്രകാരം വീണ്ടും തിരച്ചില്‍ നടത്തി.

ഒടുവില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ ലഭിച്ചുവെന്നും അത് നാട്ടിലേക്ക് കൊണ്ടുവരുമെന്നും വ്യോമസേന അച്ചുദേവിന്റെ ബന്ധുക്കളെ അറിയിക്കുകയും അങ്ങനെ ജൂണ്‍ 3ന് മൃതദേഹം നാട്ടിലെത്തിക്കുകയും പിന്നീട് കോഴിക്കോട് എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയും ആയിരുന്നു.

എന്നാല്‍ മൃതദേഹം എന്ന പേരില്‍ വ്യോമസേന കൊണ്ടുവന്നത് മകന്റെ പേഴ്‌സ് അടക്കം ചെയ്ത ശവപ്പെട്ടിയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നത്. മകന്‍ മരിച്ചുവെങ്കില്‍ എന്ത് കൊണ്ട് മൃതദേഹ അവശിഷ്ടങ്ങള്‍ കൊണ്ടുവന്നില്ല, മറിച്ചാണെങ്കില്‍ എന്ത് കൊണ്ട് തിരച്ചില്‍ നടത്തി മകനെ കണ്ടെത്തുന്നില്ല എന്നും പിതാവ് സഹദേവന്‍ ചോദിക്കുന്നു. സംഭവത്തില്‍ ദുരൂഹതയും അട്ടിമറിയും ഉണ്ടെന്നും സഹദേവന്‍ സംശയിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here