മോദിയും ബിജെപിയും നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തകര്‍ന്ന് തരിപ്പണം; കണ്ടെത്തലുമായി പുതിയ പഠനറിപ്പോര്‍ട്ട്

ദില്ലി: കള്ളപ്പണം തടയല്‍, കറന്‍സിരഹിത ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, കള്ളനോട്ട് തടയല്‍… അങ്ങനെ ഒരു നൂറായിരം വാഗ്ദാനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും ജനങ്ങള്‍ക്ക് നല്‍കിയത്. നോട്ട് നിരോധനം നടപ്പാക്കാന്‍ കോടിക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചു. പ്രത്യേകം ആപ്പുകള്‍, ഓണ്‍ലൈന്‍ സുരക്ഷ, ഭീ ആപ്പ്, സമ്മാനങ്ങള്‍… എന്തൊരു പ്രചാരണമായിരുന്നു കേന്ദസര്‍ക്കാരും കോര്‍പ്പറേറ്റ് മാധ്യമങ്ങളും അഴിച്ച് വിട്ടത്.

എല്ലാം തകര്‍ന്ന് തരിപ്പണമായെന്നാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറാക്കിള്‍ ജെഡി പവര്‍ ഇന്ത്യ നടത്തിയ ‘റീട്ടയില്‍ ബാങ്കിങ് സ്റ്റഡി’ പറയുന്നത്. ഓണ്‍ലൈന്‍ ബാങ്കിങ് ഇല്ലെങ്കില്‍ പെട്ടു എന്ന സ്ഥിതിയാണ് രാജ്യത്തുള്ളത് എന്നായിരുന്നു പ്രചാരണം. എന്നാല്‍ ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ലെന്നാണു പഠനം തെളിയിക്കുന്നു. കഴിഞ്ഞ പന്ത്രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ബാങ്കുകളിലെ 94 ശതമാനം ഉപഭോക്താക്കളും അവരുടെ ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. നിലവില്‍ 51 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് അവരുടെ ബാങ്കില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നത്.

കൂടുതല്‍ ഇടപാടുകള്‍ ബാങ്കുകളിലൂടെ നേരിട്ട് തന്നെയാണ് നടക്കുന്നതെന്ന് ജെഡി പവറിന്റെ സീനിയര്‍ ഡയറക്ടര്‍ ആയ ഗോര്‍ഡണ്‍ ഷീല്‍ഡ്‌സ് പറഞ്ഞു. നോട്ടു നിരോധനം വന്നിട്ടു പോലും ഡിജിറ്റല്‍ ബാങ്കിങ് പോലെയുള സൗകര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കാന്‍ ഇന്ത്യന്‍ സിനിമ തയ്യാറല്ല.

പതിനാലു സംസ്ഥാനങ്ങളിലായി ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നടത്തിയ സര്‍വേ പ്രകാരമാണ് പഠനം തയ്യാറാക്കിയത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള 5368 ഉപഭോക്താക്കളുമായി നേരിട്ട് നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇന്ത്യയില്‍ ഉപഭോക്താക്കള്‍ ചൈന, യുഎസ്എ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ വച്ച് നോക്കുമ്പോള്‍ അസംതൃപ്തരാണ്. ഈ രാജ്യങ്ങളില്‍ സംതൃപ്തി അളക്കുന്നതിനുള്ള ഇന്‍ഡെക്‌സ് പോയിന്റുകള്‍ യഥാക്രമം 806, 793, 748 എന്നിങ്ങനെ ആയിരിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് 672 ആണ്.

അഞ്ചു മാനദണ്ഡങ്ങളിലായാണ് ഒറാക്കിള്‍ ജെഡി പവര്‍ ഇന്ത്യ ഉപഭോക്താക്കളുടെ സംതൃപ്തി അളന്നത്. അക്കൗണ്ട് പ്രവര്‍ത്തനങ്ങള്‍ (39%), സൗകര്യങ്ങള്‍ (17%), ഉല്‍പ്പന്ന വാഗ്ദാനങ്ങള്‍ (14%), ഫീസ് (12%) എന്നിവയാണ് അവ. മൊബൈല്‍ ബാങ്കിങ് നടത്തുന്നവരുടെ ഇന്‍ഡെക്‌സ് പോയിന്റ് 693 ആയിരിക്കുമ്പോള്‍ നേരിട്ട് ബാങ്കുകളില്‍ പോവുന്ന ആളുകളുടെത് 676 ആണ്. ഇന്ത്യയിലെ വെറും ഒന്‍പതു ശതമാനം ബാങ്കിങ് ഉപഭോക്താക്കള്‍ മാത്രമാണ് മൊബൈലിലൂടെ ഇടപാടുകള്‍ നടത്തുന്നത്.

48 ശതമാനം പേരും ഇപ്പോഴും മൊബൈലില്‍ ബാങ്കിങ് ആപ്പ് ഇല്ലാത്തവരായി തുടരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ആളുകളെ ബന്ധപ്പെടുത്തുന്നതില്‍ കൃത്യമായ ശ്രമങ്ങള്‍ ഇല്ലാത്തതും സുരക്ഷാപ്രശ്‌നങ്ങളെ കുറിച്ചുള്ള ഭയവുമാണ് ആളുകളെ ഓണ്‍ലൈന്‍ ബാങ്കിങ് പോലെയുള്ള രീതികളില്‍ നിന്നും അകറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here