
കാലിഫോര്‍ണിയ: ലോകത്തെ പല രാജ്യങ്ങളും ദയാവധത്തേയും അനുമതിയോടെയുളള അത്മഹത്യയേയും നിയമം മൂലം സാധൂകരിക്കുന്നുണ്ട്. കാലിഫോര്‍ണിയയില്‍ സ്വയം മരിക്കാനുളള അവകാശ നിയമം പ്രാബല്യത്തില്‍ വന്നശേഷം നൂറിലധികം പേര്‍ മരണത്തെ പുല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് പുറത്തുവിട്ട സര്‍വ്വേ ഫലത്തിലാണ് ഈ കണക്കുകള്‍.
2016 ജൂണിലാണ് കാലിഫോര്‍ണിയയില്‍ സ്വയം മരിക്കാനുളള ആവകാശ നിയമത്തിന് സാധുത ലഭിച്ചത്. ഇതിനുശേഷം സ്വയം മരണത്തിന് വിധേയരായവരുടെ എണ്ണം നൂറ് കവിഞ്ഞതായി പുതിയ സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നു. ജൂലായ് മൂന്നിനാണ് ആറ് മാസത്തെ കണക്കുകള്‍ പുറത്തുവന്നത്.
ഗുരുതര രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്ന 191 പേര്‍ ജീവിതം അവസാനിപ്പിക്കുന്നതിന് അനുമതി തേടിയിരുന്നു. ഇവരില്‍ 111 പേര്‍ മരുന്ന് കഴിച്ച് മരണം വരിച്ചു. 21 പേര്‍ മരുന്ന് കഴിക്കുന്നതിന് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങി. ഇതില്‍ 87% അറുപത് വയസ്സിന് മുകളിലുള്ളവരാണ്.
ആറ് മാസത്തിലധികം ജീവിക്കാന്‍ സാധ്യതയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗികള്‍ക്കാണ് സ്വയം മരിക്കുന്നതിനുള്ള അവകാശമുളളത്. മരിക്കുന്നതിനായി പ്രത്യേക മാനദണ്ഡപ്രകാരം മരുന്നും ലഭിക്കും. കാലിഫോര്‍ണിയയിലെ ‘റൈറ്റ് റ്റു ഡൈ’ നിയമം അനുശാസിക്കുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ മരണം വരിക്കാന്‍ തയ്യാറായി രംഗത്തെത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here